waste
ചിറക്കര ഗുരുനാഗപ്പൻ ക്ഷേത്രത്തിന് സമീപം തള്ളിയ ഹോട്ടൽ മാലിന്യം ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപുവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണന്റെയും നേതൃത്വത്തിൽ നീക്കം ചെയ്യുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ ചിറക്കാരത്താഴം പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ഹോട്ടൽ മാലിന്യം തള്ളുന്നത് രൂക്ഷമാകുന്നു. ചിറക്കര ഗുരുനാഗപ്പൻ കാവിന് സമീപം തോട്ടിലും വയലിലുമായി വൻതോതിൽ ഹോട്ടൽ മാലിന്യം നിക്ഷേപിച്ചിരിക്കുകയാണ്. രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവന്നാണ് പതിവായി മാലിന്യം തള്ളുന്നതെന്ന് പരിസരവാസികൾ പറഞ്ഞു.

ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് ചിറക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.എസ്. ഉല്ലാസ്കൃഷ്ണനും ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സുദർശനൻ പിള്ള, ശശിധരക്കുറുപ്പ് തുടങ്ങിയവർ സ്ഥലത്തെത്തി. ഇവർ മാലിന്യം നിറച്ച കെട്ടുകൾ പരിശോധിച്ചതിൽ നിന്ന് പരവൂരിലെ ഒരു ഹോട്ടലിലെ

ബില്ലുകൾ കണ്ടെത്തി.

തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, ഹരിതകർമ്മസേന, ഗ്രാമ പഞ്ചായത്ത് അധികൃതർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പാരിപ്പള്ളി എസ്.ഐ രാജേഷ് എന്നിവർ സ്ഥലത്തെത്തുകയും ഹോട്ടലിനെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ ചിറക്കര മേഖലാ കമ്മിറ്റി പ്രവർത്തകർ മാലിന്യം നീക്കം ചെയ്തു. പ്രദേശത്ത് കാമറകൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ചിറക്കാരത്താഴം പോളച്ചിറ റോഡിലും സ്ഥിരമായി ചാക്ക് കെട്ടുകളിൽ മാലിന്യം തള്ളൽ വ്യാപകമായി നടക്കുകയാണ്. ചിറക്കാരത്താഴം ജംഗ്ഷനിൽ നിന്ന് കുഴുപ്പിൽ ഭാഗത്ത്‌ പലവീടുകളുടെ ഗേറ്റിന് മുന്നിലും മാലിന്യം നിറച്ച ചാക്ക് കെട്ടുകൾ വാഹനങ്ങളിൽ കൊണ്ടുവന്ന് വലിച്ചെറിയുകയാണ്. ഈ റോഡിലും കാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.