ചാത്തന്നൂർ: മാലിന്യവുമായി ദേശീയപാതയിൽ ഉപേക്ഷിച്ച ലോറി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഇടപെടലിലൂടെ നീക്കം ചെയ്തു. ചാത്തന്നൂർ ഇത്തിക്കര പാലത്തിന് സമീപമാണ് കഴിഞ്ഞ ദിവസം മാലിന്യവുമായി എത്തിയ പൂർണമായും മൂടിയുള്ള ഫ്രീസർ സൗകര്യത്തോടുകൂടിയ തമിഴ്നാട് രജിസ്ട്രഷൻ വാഹനം കാണപ്പെട്ടത്.
നിമിഷങ്ങൾക്കകം തന്നെ പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാഹന ഉടമയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനമുപേഷിച്ച് താക്കോലുമായി കടന്നതാണെന്ന് മനസിലായി. തമിഴ്നാട് സ്വദേശിയായ വാഹന ഉടമ ഡ്രൈവറുമായി എത്താമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇന്നലെയും എത്തിയില്ല.
സംഭവം അറിഞ്ഞ് എൻ.കെ. പ്രേമചന്ദ്രൻ എം.പി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർക്ക് ദേശീയപാതയിൽ നിന്ന് ലോറി നീക്കം ചെയ്യുവാനും ലോറിക്കുള്ളിലെ മാലിന്യം സംസ്കരിക്കുവാനും എം.പി നിർദ്ദേശം നൽകി. ഇതോടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ഇത്തിക്കര ഉൾപ്രദേശത്ത് കുഴിയെടുത്ത് മാലിന്യം മറവ് ചെയ്തു. ലോറി ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ചാത്തന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
നീണ്ടകര നിന്ന് തൂത്തുക്കുടിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് വഴിയിൽ ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങിയത്. ലോറിയിൽ നിന്ന് മലിനജലം റോഡിലേക്ക് വീഴുകയും അസഹ്യ ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തതിനാൽ വഴിയിൽ മൂന്ന് തവണ ലോറി നാട്ടുകാർ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചതിനാലാണ് ഡ്രൈവറും ക്ലീനറും വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടതെന്നാണ് വിവരം.