കൊല്ലം: ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ചവറ കെ.എം.എം.എല്ലിനെ തകർക്കാൻ സർക്കാർ തലത്തിൽ നടത്തുന്ന ഗൂഢമായ ശ്രമങ്ങളെയും അതിനുപിന്നിലുള്ള അഴിമതിയെയും സംബന്ധിച്ച് സ്വതന്ത്ര ഏജൻസിയെ കൊണ്ടു സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. സ്വകാര്യ കമ്പനികളിൽ നിന്നും ഉയർന്ന വിലയ്ക്ക് വൻതോതിൽ സിന്തറ്റിക് റുടൈൽ വാങ്ങി അഴിമതി നടത്താനുള്ള ഉന്നതതല ഗുഢാലോചനയുടെ ഭാഗമായാണ് കെ.എം.എം.എല്ലിന് ഉണ്ടായിരുന്ന സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ഖനനനുമതി കഴിഞ്ഞ ദിവസം റദ്ദ് ചെയ്തത്.
അസംസ്കൃത വസ്തുവായ സിന്തറ്റിക് റുടൈൽ പുറത്തു നിന്നും വിലയ്ക്ക് വാങ്ങണമെന്ന നിർദ്ദേശത്തെ മുൻ മാനേജിംഗ് ഡയറക്ടറും കമ്പനിയിലെ തൊഴിലാളി സംഘടനകളും ശക്തമായി എതിർത്തിരുന്നു. കമ്പനിയുടെ പ്രവർത്തനത്തിന് ആവശ്യമായ സിന്തറ്റിക് റുടൈൽ ഉത്പാദിപ്പിക്കുന്നതിനുളള സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യങ്ങളും കമ്പനിക്കുണ്ട്. ഇതിനാവശ്യമായ കരിമണൽ ഖനനത്തിന് അനുമതി നൽകേണ്ടത് സർക്കാരാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനു ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചില്ല. കേരളത്തിലെ മൈനിംഗ് ആന്റ് ജിയോളജി ഡിപ്പാർട്ട്മെന്റിന്റെ താല്ക്കാലിക അനുമതിയോടുകൂടിയാണ് കമ്പനി ഖനനം നടത്തിവന്നത്. എന്നാൽ സ്വകാര്യ കമ്പനികളിൽ നിന്നും സിന്തറ്റിക് റുടൈൽ കൊളളവിലയ്ക്ക് വാങ്ങുവാനുളള സർക്കാരിന്റെ രഹസ്യ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി യാതൊരു മുന്നറിയിപ്പും കൂടാതെ സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഖനന അനുമതി നിർത്തിവച്ചു. പതിനായിരത്തോളം കുടുംബങ്ങൾ പ്രത്യക്ഷമായും അതിലേറെ കുടുംബങ്ങൾ പരോക്ഷമായും ഉപജീവനം നടത്തുന്ന കമ്പനിയുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്ന തീരുമാനമാണിത്. ഖനനാനുമതി പിൻവലിച്ച് കമ്പനിയെയും തൊഴിലാളികളെയും സമ്മർദ്ദത്തിലാക്കി കൊളളവില്യ്ക്ക് സിന്തറ്റിക് റുടൈൽ സ്വകാര്യ കമ്പനിയിൽ നിന്നും വാങ്ങുന്നതിനു വേണ്ടിയാണ് താൽകാലിക ഖനനാനുമതി നിർത്തിവച്ചതെന്ന് അദ്ദേഹം ആരോപിച്ചു.