marc

പുനലൂർ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം ജില്ലയിലെ പ്രധാന മലയോര പട്ടണമായ പുനലൂരിൽ വ്യാപാരശാലകളെ തകർച്ചയിലേക്ക് തള്ളിവിട്ടു. നിരവധി വ്യാപാരശാലകളാണ് അടുത്തിടെ അടച്ചുപൂട്ടിയത്. കൂടുതൽ കച്ചവട സ്ഥാപനങ്ങൾ അടച്ച് പൂട്ടലിനൊരുങ്ങുകയാണ്.

കാർഷിക മേഖലയിലുണ്ടായ തകർച്ച ജനങ്ങളുടെ പക്കൽ പണം കുറയാൻ ഇടയാക്കി. ജി.എസ്.ടി നിലവിൽ വന്നതിനൊപ്പം വില്പന കുറഞ്ഞത് വ്യാപാരമേഖലയെ സാമ്പത്തിക മാന്ദ്യത്തിലെത്തിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നും അധികഭാരം പല തരത്തിൽ അടിച്ചേൽപ്പിച്ചതും വ്യാപാരമേഖലയെ തളർത്തി. ചെറുതും വലുതുമായ 120 ഓളം കച്ചവടസ്ഥാപനങ്ങളാണ് അടുത്തിടെ പൂട്ടിയത്. ഇത് പുനലൂരിന്റെ മാത്രം പ്രശ്നമല്ലെന്നും വ്യാപാരികൾ മറ്റു സ്ഥലങ്ങളിലും ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നതായും പരാതി ശക്തം.

പ്രവർത്തനം നിറുത്തിയ കടകൾ: 120

പൂട്ടിയ കടകൾ

സ്റ്റേഷനറി

മൊബൈൽ ഷോപ്പുകൾ

തുണിക്കടകൾ

റബർ സംഭരണശാലകൾ

ഫാൻസി സ്റ്റോറുകൾ

സ്പെയർ പാർട്സ് കടകൾ

കടബാധ്യത

പ്രവാസികളും തൊഴിൽ രഹിതരായ യുവതി യുവാക്കളും വൻ മുതൽമുടക്കിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് പൂട്ടിയവയിൽ ഏറെയും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ വായ്പയെടുത്ത് കച്ചവടം തുടങ്ങിയവർ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അടച്ചുപൂട്ടേണ്ടി വന്നതത്രെ.

ബാധ്യത

# കെട്ടിട നികുതി 100 ശതമാനം കൂട്ടി

# 3 വർഷത്തെ മുൻകാല പ്രാബല്യം

# ലൈസൻസ് ഫീ

# വൈദ്യുതി ചാർജ്

# നികുതി,

#കടവാടക

പീഡനംപോലെ

# ലേബർ വകുപ്പിന്റെ പരിശോധനകൾ

# നികുതി വകുപ്പിന്റെ പരിശോധനയും പിഴയും

ജി. എസ്. ടി ബാധ

സാധനം വാങ്ങുന്നവർക്ക് ബില്ലുകൾ നൽകിയില്ലെന്ന കുറ്റം ചുമത്തി ജി. എസ്.ടി വകുപ്പ് ചുമത്തുന്ന പിഴ 25000 രൂപ

റബ്ബർ ചതിച്ചു

240 >140

ഒരുകാലത്ത് പ്രദേശത്തിന്റെ സാമ്പത്തിക സ്രോതസ്സായിരുന്ന റബ്ബറിനുണ്ടായ വിലയിടിവാണ് പുനലൂരിലെ വ്യാപാര മേഖലയെയും ബാധിച്ചത്.

കിലോഗ്രാമിന് 240 രൂപ വരെ വിലയുണ്ടായിരുന്ന റബ്ബറിന് ഇപ്പോൾ 140 രൂപ മാത്രമാണ് വില. റബ്ബർ ടാപ്പിംഗ് കൂലി കണക്കാക്കിയാൽ ലാഭമില്ല. ടി.ബി.ജംഗ്ഷൻ മുതൽ ചെമ്മന്തൂർ വരെയുള്ള ഭാഗത്ത് പ്രവർത്തിച്ചിരുന്ന 16 റബർ കച്ചവടക്കാർ കടകളടച്ചുപൂട്ടി.

ടൗണിലെ ചുമട്ടുതൊഴിലാളികൾ, ജീപ്പ് ഡ്രൈവർമാർ അടക്കമുളളവരുടെ തൊഴിൽ നഷ്ടപ്പെടുകയാണ്.

കമന്റ്

തുണിക്കടകളിലെ ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള വിൽപ്പനപോലും നടക്കുന്നില്ല. നാട്ടിൻ പുറങ്ങളിലെ വീടുകളിൽ പച്ചക്കറി, സ്റ്റേഷനറി, തുണി അടക്കമുളള സാധനങ്ങൾ എത്തിച്ചു വിൽപ്പന നടത്തുന്ന നൂറ് കണക്കിന് ആളുകൾ ഉള്ളതും ടൗണിലെ വ്യാപാരശാലകളിലെ കച്ചവടത്തെ കൂടുതൽ ബാധിച്ചു.

എസ്.നൗഷറുദ്ദീൻ

വ്യാപാരി വ്യവസായി ഏകോപന

സമിതി ജില്ലാ വൈസ് പ്രസിഡന്റ്