ടി.എസ് കനാലിന്റെ ഭാഗമായ ഇടക്കനാലിൽ താമസിക്കുന്നവരാണ് വഴിയില്ലാതെ വലയുന്നത്
കരുനാഗപ്പള്ളി: കടലോര ഗ്രാമമായ ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള ലക്ഷ്മിത്തുരുത്തിൽ 15 ഓളം കുടുംബങ്ങൾ സഞ്ചരിക്കാൻ വഴിയില്ലാതെ വലയുന്നു. അയൽ വാസികളുടെ പുരയിടത്തിലൂടെ സഞ്ചരിച്ച് റോഡിൽ എത്തേണ്ട ഗതികേടിലാണിവർ. വഴിക്കു വേണ്ടിയുള്ള ഇവരുടെ കാത്തിരുപ്പ് ആരംഭിച്ചിട്ട് വർഷങ്ങളാവുന്നു. ടി.എസ് കനാലിന്റെ ഭാഗമായ ഇടക്കനാലിൽ താമസിക്കുന്നവരാണ് വഴിയില്ലാതെ വലയുന്നത്.
ഇടത്തോടിന്റെ പടിഞ്ഞാറ് ഭാഗം മണ്ണിട്ട് പൊക്കി കരിങ്കൽ ഭിത്തി നിർമ്മിച്ചാൽ നാട്ടുകാർ വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരമാകും. ഇതിനായി നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
സഞ്ചാരം കരിങ്കൽ ഭിത്തിക്ക് മുകളിലൂടെ
നെടിയത്ത് തീരത്തിനും പടന്നേൽ തീരത്തിനും ഇടയിൽ താമസമാക്കിയവരാണ് അധികൃതരുടെ കരുണയ്ക്കായി വർഷങ്ങളായി കാത്തിരിക്കുന്നത്. ഇടക്കനാലിന്റെ സംരക്ഷണത്തിനായി നിർമ്മിച്ച കരിങ്കൽ ഭിത്തിക്ക് മുകളിലൂടെയാണ് വർഷങ്ങളായി ഇവർ യാത്ര ചെയ്യുന്നത്. മഴ കടുക്കുന്നതോടെ ഇതിലൂടെയുള്ള യാത്ര അപകടം പിടിച്ചതാവും. കാൽ വഴുതിയാൽ ആഴമുള്ള ഇടക്കനാലിൽ വീണ് അപകടം സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
സുഖമില്ലെങ്കിൽ പെട്ടതുതന്നെ
അസുഖം ബാധിച്ച് തീരെ നടക്കാൻ കഴിയാത്തവരെ എടുത്തുകൊണ്ട് റോഡിൽ എത്തിക്കേണ്ട ഗതികേടിലാണ് ഇവിടത്തുകാർ. ഓട്ടിസം ബാധിച്ച ഡാളി എന്ന 45 കാരിരെ ആശുപത്രിയിൽ കൊണ്ട് പോകാനായി റോഡിൽ എത്തിക്കുന്നത് കസേരയിൽ ഇരുത്തിയാണ്.
നെടിയത്ത് കായൽ തീരത്ത് നിന്ന് 150 മീറ്റർ തെക്കോട്ട് റോഡ് നിർമ്മിച്ചാൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാകും
നെടിയത്ത് വീട്ടിൽ ചന്ദ്രൻ (പ്രദേശവാസി)
ഭൂമി ഏറ്റെടുക്കാതെ തന്നെ റോഡ് നിർമ്മിക്കാമെന്ന് നാട്ടുകാർ
നിലവിൽ ഇവിടെ താമസിക്കുന്നവരുടെ ഭൂമി ഏറ്റെടുക്കാതെ തന്നെ റോഡ് നിർമ്മിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. 100 മീറ്ററിലധികം വീതിയുള്ള ഇടത്തോടിന്റെ പടിഞ്ഞാറേ തീരത്തുകൂടി തെക്കോട്ട് റോഡ് നിർമ്മിക്കാമെന്നാണ് നാട്ടുകാരുടെ പക്ഷം. ദേശീയപാതയോ ഇടത്തോടോ ഡ്രഡ്ജ്ജ് ചെയ്യുമ്പോഴുള്ള മണ്ണ് ഉപയോഗിച്ച് തോടിന്റെ പടിഞ്ഞാറ് വശത്തുകൂടി വഴി നിർമ്മിക്കാൻ കഴിയും. ഇതിനായി ഇവർ മുട്ടാത്ത വാതിലുകളില്ല.
15 ഓളം കുടുംബങ്ങളാണ് വഴിസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നത്