സ്ത്രീകൾക്ക് നേരെ അതിക്രമം പതിവാകുന്നു
കൊല്ലം: തെരുവുവിളക്കുകൾ മിഴിയടച്ച താന്നി പാലം താവളമാക്കി സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം. സന്ധ്യമയങ്ങിയാൽ സ്ത്രീകൾക്കും കുട്ടികൾക്കും ഇതുവഴി നടക്കാനാകാത്ത സ്ഥിതിയാണ്. കൊല്ലം കോർപ്പറേഷന്റെയും മയ്യനാട് പഞ്ചായത്തിന്റെയും അതിർത്തിയായതിനാൽ ഇരു തദ്ദേശ സ്ഥാപനങ്ങളും തെരുവുവിളക്ക് പരിപാലനത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന ആക്ഷേപമുണ്ട്.
പാലത്തിൽ നിരനിരയായി തെരുവ് വിളക്കുകൾ ഉണ്ടെങ്കിലും രാത്രി ഒന്നുപോലും പ്രകാശിക്കില്ല. സന്ധ്യമയങ്ങുമ്പോൾ തന്നെ പാലത്തിൽ കുറ്റാക്കുറ്റിരുട്ടാകും. പിന്നെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബൈക്കുകളിൽ സാമൂഹ്യവിരുദ്ധ സംഘങ്ങൾ ഇവിടേക്ക് എത്തിത്തുടങ്ങും. പാലത്തിലും കായൽത്തീരത്തുമായി ഇരുചക്ര വാഹനങ്ങൾ നിറുത്തിയ ശേഷം പലയിടങ്ങളിലായി ഇരുന്ന് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കും.
അശ്ളീല പ്രയോഗങ്ങളും ആക്രമണവും
സ്ത്രീകൾ വരുമ്പോൾ അശ്ലീല വാക്കുകൾ ഉപയോഗിച്ചുള്ള കളിയാക്കലുകളും പിന്തുടർന്ന് ആക്രമിക്കാനുള്ള ശ്രമവും ഇവിടെ പതിവാണ്. ജോലി കഴിഞ്ഞ് മടങ്ങിവരുന്ന സമയത്ത് പലതവണ മോശം അനുഭവങ്ങൾ ഉണ്ടായ സ്ത്രീകൾ മറ്റ് വഴികളിലൂടെ കിലോ മീറ്ററുകൾ ചുറ്റിയാണ് വീടുകളിലേക്ക് പോകുന്നത്. പാലത്തിന്റെ ഏതെങ്കിലും ഒരു കരയിൽ നിന്ന് നാട്ടുകാർ കൂട്ടത്തോടെ സംഘടിച്ച് എത്തുമ്പോൾ സാമൂഹ്യ വിരുദ്ധ സംഘങ്ങൾ ബൈക്കുകളിൽ പമ്പ കടന്നിരിക്കും.
തടഞ്ഞുനിറുത്തി പണപ്പിരിവ്
രാത്രി ഏറെ വൈകിക്കഴിയുമ്പോൾ ബൈക്ക് യാത്രക്കാരെ തടഞ്ഞുനിറുത്തി പണപ്പിരിവും ഇവിടെ തകൃതിയായി നടക്കുന്നുണ്ട്. മൂന്ന് വർഷം മുമ്പ് താന്നി പാലത്തിൽ വച്ച് സാമൂഹ്യവിരുദ്ധ സംഘത്തിന്റെ ആക്രമണത്തിനിരയായ മുണ്ടയ്ക്കൽ സ്വദേശിയായ യുവാവ് മരിച്ചിരുന്നു. നാട്ടുകാരിൽ പലരും ദുരനുഭവങ്ങൾ ഇപ്പോൾ പുറത്ത് പറയാറില്ല. ഇരവിപുരം സ്റ്റേഷനിൽ പലതവണ പരാതി നൽകിയെങ്കിലും പൊലീസ് തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.
'' തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രികാലങ്ങളിൽ താന്നി പാലം വഴി സഞ്ചരിക്കാൻ സ്ത്രീകളും കുട്ടികളും ഭയക്കുകയാണ്. ഇരുട്ടിന്റെ മറവിൽ ഇവിടെ തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധരെ അമർച്ച ചെയ്യാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം."
ജെ. തുളസീധരൻ (വൈസ് പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം താന്നി ശാഖാ)