ഇരുപഞ്ചായത്തുകളും നാഷണൽ റർബൻ മിഷനിൽ
മുഖത്തല ക്ളസ്റ്റർ ഒരുങ്ങുന്നു
126 കോടിയുടെ പദ്ധതി രേഖ
കൊല്ലം: ഗ്രാമങ്ങളിൽ നഗരങ്ങളിലേതിന് സമാനമായ സൗകര്യങ്ങൾ ഒരുക്കുന്ന ദേശീയ റർബൻ മിഷനിൽ തൃക്കോവിൽവട്ടം, നെടുമ്പന പഞ്ചായത്തുകളെ ഉൾപ്പെടുത്തി. ഇരുപഞ്ചായത്തുകളിലുമായി മൂന്ന് വർഷത്തിനുള്ളിൽ 126 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. രണ്ട് പഞ്ചായത്തുകളെയും ഒരുമിപ്പിച്ച് മുഖത്തല ക്ലസ്റ്റർ എന്ന പേരിലാണ് പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നത്.
30 കോടിയുടെ ഗ്രാന്റ്
സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതം, വിവിധ വകുപ്പുകളുടെ സാമ്പത്തിക സഹായം, പഞ്ചായത്തിന്റെ തനത് ഫണ്ട്, തൊഴിലുറപ്പ് പദ്ധതി, എം.എൽ.എ ഫണ്ട്, എം.പി ഫണ്ട് തുടങ്ങിയ വഴികളിൽ നിന്നാണ് പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നത്.
നാഷണൽ റർബൻ മിഷനിൽ നിന്ന് 30 കോടി രൂപ ഗ്രാന്റായി ലഭിക്കും. ഇതിന്റെ 60 ശതമാനം തുക കേന്ദ്ര സർക്കാരും ശേഷിക്കുന്നത് സംസ്ഥാന സർക്കാരുമാകും വഹിക്കുക.
നെടുമ്പനയിൽ പ്രധാനമായും നടപ്പാക്കുന്നത്
ആയിരം എൽ.ഇ.ഡി തെരുവ് വിളക്കുകൾ
പുതിയ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കൽ
നെടുമ്പന ആയുർവേദ ആശുപത്രിയിൽ പുതിയ ഐ.പി ബ്ലോക്ക്
പുതിയ ആയുർവേദ, അലോപ്പതി സബ് സെന്ററുകൾ
പ്രധാന ജംഗ്ഷനുകളിൽ മിനി മാസ്റ്റ് ലൈറ്റുകൾ
സർക്കാർ സ്ഥാപനങ്ങളുടെ മേൽക്കൂരകളിൽ സോളാർ പാനൽ
പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ
റോഡുകളുടെ വികസനം
തൃക്കോവിൽവട്ടത്ത് പ്രധാനമായും നടപ്പാക്കുന്നത്
പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാൻ എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി)
അഞ്ച് ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റ്
9 ജംഗ്ഷനുകളിൽ ഹൈടെക് ബസ് സ്റ്റാൻഡ്
ആധുനിക അറവുശാല
കുടുംബശ്രീക്ക് ശിതീകരണ സംവിധാനമുള്ള വിപണന കേന്ദ്രം
കണ്ണനല്ലൂർ ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം
തഴുത്തല വെറ്ററിനറി ആശുപത്രി വികസനം
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം
205 കിലോ മീറ്റർ റോഡ് വികസനം