എഴുകോൺ: എഴുകോൺ പോസ്റ്റ് ഓഫീസിന്റെ കതക് പൊളിച്ച് മോഷണശ്രമം. ഇന്നലെ രാവിലെ ഓഫീസ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പിൻവശത്തെ കതകിന്റെ അടിയിലെ പാളി കല്ല് കൊണ്ട് ഇടിച്ച് പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. മേശകളും അലമാരകളും ഒരു ഇരുമ്പ് സെയ്ഫും തുറന്നിട്ട നിലയിലായിരുന്നു. എന്നാൽ പണമടങ്ങിയ സെയ്ഫ് തുറക്കാൻ കഴിയാത്തതിനാൽ മോഷണം പരാജയപ്പെടുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്ന് വിരലടയാള വിദഗ്ദ്ധർ എത്തി തെളിവുകൾ ശേഖരിച്ചു. എഴുകോൺ പൊലീസ് അന്വേഷണം ആരംഭിച്ചു.