എഴുകോൺ: പുതുതലമുറ ബാങ്കുകൾ നൽകുന്ന എല്ലാ സേവനങ്ങളും കേരള ബാങ്കിന് നൽകാൻ കഴിയുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ പറഞ്ഞു. കരീപ്ര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സേവനങ്ങളും വിരൽ തുമ്പിൽ ലഭിക്കുന്ന ബാങ്കുകളെയാണ് പുതുതലമുറ ആശ്രയിക്കുന്നത്. അതിനായി ഈടാക്കുന്ന കനത്ത സർവീസ് ചാർജ്ജുകളിൽ അവർക്ക് ഉത്കണ്ഠയില്ല. ന്യൂ ജനറേഷൻ ബാങ്കുകളും ദേശസാൽകൃത ബാങ്കുകളും നൽകുന്ന സേവനങ്ങൾ കേരള ബാങ്കിന് നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പി.ഐഷാപോറ്റി എം. എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ കെ. രാജഗോപാൽ മുറ്റത്തെ മുല്ല വായ്പാ പദ്ധതി ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരേയും വിദ്യാർത്ഥികളേയും ചടങ്ങിൽ അനുമോദിച്ചു.
ജില്ലാപഞ്ചായത്ത് അംഗം കെ. ജഗദമ്മ ആദ്യ ഇടപാട് സ്വീകരിച്ചു. കരീപ്ര ശരണാലയത്തിലെ അന്തേവാസികൾക്ക് പുതുവസ്ത്ര വിതരണവും നടന്നു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൾ റഹ്മാൻ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി.ജെ. അബ്ദുൾ ഗഫാർ, ജില്ലാ സഹകരണ ബാങ്ക് മാനേജർ സുനികുമാർ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ സ്വാഗതവും സെക്രട്ടറി കെ. ആർ. അനുപമ നന്ദിയും പറഞ്ഞു.