toilet
കൊട്ടാരക്കര കോടതി സമുച്ചയത്തിലെ പൊതു ശൗചാലയം അടച്ചു പൂട്ടിയ നിലയിൽ

കൊട്ടാരക്കര: കൊട്ടാരക്കര കോടതി സമുച്ചയത്തിലുണ്ടായിരുന്ന പൊതുശൗചാലയം അധികൃതർ താഴിട്ടുപൂട്ടിയതോടെ കോടതിയെലെത്തുന്നവർ ദുരിതത്തിൽ. ദിവസങ്ങൾ പിന്നിട്ടിട്ടും ശൗചാലയം തുറന്നുകൊടുക്കാത്തതാണ് ജനങ്ങളെ വലയ്ക്കുന്നത്. കോടതി സമുച്ചയത്തിതിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് പൊതു ശൗചാലയം പ്രവർത്തിച്ചിരുന്നത്.നിരവധി കോടതികൾ പ്രവർത്തിച്ചു വരുന്ന സമുച്ചയത്തിൽ ദിനംപ്രതി നൂറുകണക്കിനു പേരാണ് വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്നത്.

കോടതി ആവശ്യങ്ങൾക്കായി രാവിലെ എത്തുന്നവർക്ക് പലപ്പോഴും വൈകിട്ടാണ് മടങ്ങാൻ കഴിയുക. ഇവർക്കെല്ലാം ഉപകാരപ്രദമായിരുന്നു പൊതു ശൗചാലയം. എന്നാൽ സാമൂഹ്യ വിരുദ്ധരായ ചിലർ ഇവിടുത്തെ ഉപകരണങ്ങൾ നശിപ്പിക്കുകയുണ്ടായി. ഇത് ആവർത്തിച്ചതോടെയാണ് ശൗചാലയം അടച്ചിടാൻ അധികൃതർ തീരുമാനിച്ചതെന്നറിയുന്നു. എന്നാൽ ഇതു മൂലം വലയുന്നത് സ്ത്രീകളുൾപ്പെടെയുള്ള സാധാരണക്കാരാണ്.

കോടതി സമുച്ചയത്തിന്റെ ഓരോ നിലയിലും ശൗചാലയങ്ങളുണ്ടെങ്കിലും അത് ജീവനക്കാർക്കു വേണ്ടി മാത്രമുള്ളതാണ്.പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. ഇതും ദുരിതം വർദ്ധിപ്പിക്കുന്നു. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും അറ്റകുറ്റപ്പണികൾ തീർത്ത് പൊതുശൗചാലയം തുറന്നുകൊടുക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.