ചവറ : ശങ്കരമംഗലം ജംഗ്ഷനു കിഴക്കു ഭാഗത്ത് കാമൻകുളങ്ങര ക്ഷേത്രത്തിനോട് ചേർന്ന് വെള്ളം കെട്ടിക്കിടക്കുന്ന വയലിൽ ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ കടന്നുകളഞ്ഞു. ചവറ പൊലീസ് സ്ഥലത്തെത്തി വെള്ളക്കെട്ടിൽ നിന്ന് ബൈക്ക് പുറത്തെടുത്തു. സംഭവത്തെ കുറിച്ച് പ്രദേശവാസികൾ പറയുന്നതിങ്ങനെ: ഇന്നലെ ഉച്ചയ്ക്ക് ശേഷം 2 മണിയോടെ വിദ്യാർത്ഥികൾ എന്ന് തോന്നുന്നവർ 2 ബൈക്കുകളിലായി എത്തുകയും അതിൽ ഒരു വാഹനം വെള്ളക്കെട്ടിൽ ഉപേക്ഷിച്ചതിന് ശേഷം മറ്റേ വാഹനത്തിൽ അമിത വേഗത്തിൽ രക്ഷപ്പെടുകയുമായിരുന്നു. ഉപേക്ഷിക്കപ്പെട്ട ബൈക്കിന്റെ മുൻവശം തകർന്ന നിലയിലും നമ്പർ പ്ലേറ്റുകൾ ഒഴിവാക്കിയ നിലയിലുമാണെന്ന് പൊലീസ് പറഞ്ഞു. നിരവധി സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്തു പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്നും വിദ്യാർത്ഥിനികൾ സ്‌കൂളുകളിലേക്ക് പോകുമ്പോഴും വരുമ്പോഴും വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന യുവാക്കൾ ഇവരെ ശല്യം ചെയ്യുന്നതും അപകടകരമായ രീതിയിൽ ബൈക്കുകൾ ഓടിച്ചു പോകുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു.