# അഞ്ചാലുംമൂട്ടിൽ യാത്രക്കാർക്ക് കയറിനിൽക്കാനിടമില്ല
അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിൽ പലേടത്തും ബസ് സ്റ്റോപ്പുകളുണ്ടെങ്കിലും അപ്രതീക്ഷിതമായി മഴ പെയ്താൽ യാത്രക്കാർക്ക് കയറിനിൽക്കാനിടമില്ല. ശക്തമായ മഴയിൽ തൊട്ടടുത്തുള്ള കടകളിലോ മറ്റോ അഭയം പ്രാപിച്ചാൽ ബസ് കിട്ടുമെന്ന് ഒരുറപ്പുമില്ല. ചെങ്ങന്നൂർ, കൊട്ടാരക്കര, ചടയംമഗലം, അടൂർ തുടങ്ങിയ ദീർഘദൂര സർവീസുകളുൾപ്പെടെ അറുന്നൂറോളം സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ പ്രതിദിനം കടന്നുപോകുന്ന സ്ഥലമായിട്ടും യാത്രക്കാർക്ക് മഴ നനയാതെ കയറിനിൽക്കാൻ ഒരിടമില്ലെന്നുള്ളത് ദയനീയമാണ്. അഞ്ചാലുംമൂട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ആശ്രയിക്കുന്നതും ഇതേ ബസ് സ്റ്റോപ്പുകളെ തന്നെയാണ്.
ചെങ്ങന്നൂർ, കൊട്ടാരക്കര, ചടയംമഗലം, അടൂർ തുടങ്ങിയ ദീർഘദൂര സർവീസുകളുൾപ്പെടെ 600 ഒാളം സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസുകൾ പ്രതിദിനം അഞ്ചാലുംമൂട്ടിലൂടെ കടന്ന് പോകുന്നുണ്ട്
3 ബസ് സ്റ്റോപ്പുകൾ
അഞ്ചാലുംമൂട് ജംഗ്‌ഷനിൽ മാത്രം 3 ബസ് സ്റ്റോപ്പുകളാണുള്ളത്. പ്രാക്കുളം, അഷ്ടമുടി, പെരുമൺ, പനയം ഭാഗത്തേയ്ക്ക് പോകാനായി ഒരു ബസ് സ്റ്റോപ്പും കുണ്ടറ,വെള്ളിമൺ, മങ്ങാട് ഭാഗത്തേക്കും കൊല്ലം ഭാഗത്തേക്കുമായി രണ്ട് ബസ് സ്റ്റോപ്പുകളുമാണുള്ളത്. ഓരോ ഭാഗത്തേക്കും പോകാനായി നൂറുകണക്കിന് യാത്രക്കാരാണ് ദിനം പ്രതി അഞ്ചാലുംമൂട്ടിലെത്തുന്നത്.
നാട്ടുകാരുടെ ആവശ്യം
ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കോർപ്പറേഷൻ മുൻകൈയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പൊള്ളുന്ന വെയിലിലും കനത്ത മഴയിലും ബസ് യാത്രക്കാർക്ക് കയറിനിൽക്കാനൊരിടം കണ്ടെത്താൻ അധികൃതർ കനിയണമെന്ന് നാട്ടുകാർ പറയുന്നു. അനാവശ്യമായ ധൂർത്തുകൾക്കിടയിൽ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ അധികം തുകയൊന്നും ചെലവഴിക്കേണ്ടി വരില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.