kddf
ദളിത്-ആദിവാസി മഹാസഖ്യം സംസ്ഥാന നേതൃസമ്മേളനം സഖ്യം രക്ഷാധികാരിയും കെ.ഡി.എഫ്.സംസ്ഥാന പ്രസിഡന്റുമായ പി.രാമഭദ്റൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പട്ടികജാതി-പട്ടികവർഗ്ഗക്കാരുടെയും ദളിത് ക്രൈസ്തവരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് സമർപ്പിച്ച നിവേദനങ്ങളിലെ ആവശ്യങ്ങൾ നേടിയെടുക്കാൻ സെക്രട്ടറിയേ​റ്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ ദളിത്-ആദിവാസി മഹാസഖ്യം സംസ്ഥാന നേതൃസമ്മേളനം തീരുമാനിച്ചു.
ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ അംഗസംഘടനകളുടെ ഓരോ പ്രതിനിധികൾ അടങ്ങിയ സംഘം മുഖ്യമന്ത്റി പിണറായി വിജയനെ കണ്ട് ഒരിക്കൽകൂടി ചർച്ച നടത്താനും യോഗം തീരുമാനിച്ചു.
പട്ടികവിഭാഗങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ഫലപ്രദവും കർശനവുമായ നടപടി സ്വീകരിക്കാതിരുന്നതുകൊണ്ടാണ് വാളയാർ സംഭവം പോലുള്ള കേസുകളിൽ കു​റ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോയതെന്ന് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത ദളിത്-ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റുമായ പി.രാമഭദ്റൻ പറഞ്ഞു.
ബിന്ദു അമ്മിണിക്കുനേരെ മുളക് സ്‌പ്രേ നടത്തിയ ഹിന്ദു ഹെൽപ്പ് ലൈൻ കോ-ഓർഡിനേ​റ്റർക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തി കേസെടുത്തത് നീതികരിക്കാവുന്നതല്ലെന്നും പി.രാമഭദ്റൻ പറഞ്ഞു.
മഹാസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 6 ന് തിരുവനന്തപുരത്ത് മഹാത്മ അയ്യൻകാളി ഹാളിൽ വച്ച് ഡോ.ബി.ആർ.അംബേദ്കറുടെ 64-ാമത് ചരമവാർഷികവും അനുസ്മരണ സമ്മേളനവും നടത്തും. നേതൃസമ്മേളനത്തിൽ ദളിത്-ആദിവാസി മഹാസഖ്യം പ്രസിഡന്റ് പി.കെ.സജീവ് അദ്ധ്യക്ഷത വഹിച്ചു. അംഗസംഘടനാ നേതാക്കളായ വി.ആർ.രാജു, നെയ്യാ​റ്റിൻകര സത്യശീലൻ, കെ.​റ്റി.വിജയൻ, ബാബു ചിങ്ങാരത്ത്, കെ.മോഹനൻ, സി.കെ.സുന്ദർദാസ്, രാജൻ വെംബ്ലി, സി.ആർ.ദിലീപ് കുമാർ, ഷൈലജ നാരായണൻ, വി.ജി.ഹരീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.