ചാത്തന്നൂർ: മാലിന്യവുമായി ദേശീയ പാതയിൽ ഉപേക്ഷിച്ച ലോറി ജനപ്രതിനിധികളുടെ ശക്തമായ ഇടപെടലിനെ തുടർന്ന് സ്ഥലത്ത് നിന്ന് മാറ്റി. മാലിന്യം കുഴിച്ചുമൂടിയ ശേഷം ലോറി ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ കഴുകി ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒരു തവണ കഴുകിയിട്ടും രൂക്ഷമായ ഗന്ധം ലോറിയിൽ നിന്ന് വമിക്കുന്നതിനാൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിൽക്കാനാവാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം എൻ.കെ. പ്രേമചന്ദ്രൻ എം.പി, ജി.എസ്. ജയലാൽ എം.എൽ.എ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ നടത്തിയ ശക്തമായ ഇടപെടലിനെ തുടർന്നാണ് ലോറിയിലുള്ള മാലിന്യം സംസ്കരിക്കാനും ലോറി സ്റ്റേഷനിലേക്ക് മാറ്റാനും തീരുമാനമായത്. കൂടാതെ ഡി. വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധം വരെ നടത്തിയിരുന്നു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് മാലിന്യം മറവ് ചെയ്തത്.