ശ്വാസകോശ രോഗങ്ങളിൽ ഒന്നാമനും ജനസംഖ്യയിൽ പത്ത് ശതമാനത്തോളം പേരെ ബാധിക്കുന്നതുമായ ആസ്ത്മയുടെ കുറ്റമറ്റ നിർവചനം ഇതുവരെ സാദ്ധ്യമായിട്ടില്ല. ശ്വസന നാളികളിലെ സങ്കോചവും നീർവീഴ്ചയും മൂലം പ്രാണവായു രക്തവുമായി കലരുന്നതിന് തടസമുണ്ടാകുന്ന അവസ്ഥ വളരെ ഭയാനകവും അസ്വസ്ഥകരവുമാണ്.
ശ്വാസനാളികളെ നിയന്ത്രിക്കുന്ന ഓട്ടോണമസ് നെർവ് എന്ന നാഡീവ്യൂഹത്തിന്റെ അപാകതകളാണ് ആസ്ത്മയുടെ ഒരു കാരണമായി കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ബാഹ്യശക്തികളോട് പെട്ടെന്ന് പ്രതികരിക്കുന്ന ശ്വാസനാളികളും രോഗകാരണമായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലും ഇന്തോനേഷ്യയിലും നടന്ന നിരവധി പഠന ഗവേഷണങ്ങളിൽ ആസ്ത്മയുടെ നിയന്ത്രണത്തിനും അലോപ്പതി ഔഷധങ്ങളുടെ ഉപയോഗത്തിന്റെ തോതിലും നിരന്തരമായ യോഗാഭ്യാസം വളരെ പ്രയോജനകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അലർജി ആസ്ത്മയുടെ ഒരു കാരണമായി കണ്ടെത്തി എന്നതിനാലാണ് യോഗയോടൊപ്പം പഥ്യങ്ങൾ ശീലിക്കുന്നതിന്റെ ശാസ്ത്രീയതയും തെളിയിക്കപ്പെട്ടത്. യോഗാ പഥ്യപ്രകാരം സസ്യാഹാരങ്ങൾ കഴിക്കുന്നതും അമിത ഭക്ഷണം ഒഴിവാക്കുന്നതും ആസ്ത്മയെ നിയന്ത്രിക്കുന്നതിന് വളരെ സത്യമായ തത്വമാണ്. ആധുനിക വൈദ്യശാസ്ത്രവും ഇതുതന്നെയാണ് രോഗികളോട് നിർദ്ദേശിക്കുന്നത്.
കൊഴുപ്പും എണ്ണകളും അടങ്ങിയ ആഹാരങ്ങൾ കഴിവതും ഒഴിവാക്കുന്നത് നല്ലതാണ്. ഭമണ പ്രാണായാമവും സൂര്യതാപ സ്നാനവും അനുഷ്ഠിക്കുന്നത് ആസ്ത്മ നിയന്ത്രിക്കുന്നതിന് പ്രത്യേകം ഗുണം ചെയ്യും. മാനസിക നില ആസ്ത്മയുടെ ആക്രമണത്തെ ക്ഷണിച്ചുവരുത്തുമെന്നതും ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ച വസ്തുതയാണ്.
മാനസിക പിരിമുറുക്കം, ഉത്കണ്ഠ, അമിത ആത്മസാക്ഷാത്കാരം എന്നിവ പേശികളെ വലിച്ചയയ്ക്കുകയും ശ്വാസക്രമത്തെ നിയന്ത്രിക്കുന്ന പേശികളെയും ബാധിക്കുകയും ചെയ്യും. യോഗ പരിശീലിക്കുന്നത് ഇത്തരം മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും നാളികളിലെ പേശികളുടെ മുറുക്കം കുറയുന്ന വസ്തുതയും തെളിയിക്കപ്പെട്ടിട്ടുണ്ട്.
സൈക്കോസൊമാറ്റിക് അസുഖങ്ങളുടെ (മാനസികജന്യ - ശാരീരിക രോഗങ്ങളുടെ) വിഭാഗത്തിൽപ്പെടുത്താവുന്ന ആസ്ത്മ മറ്റ് ഇതര രോഗങ്ങളെപ്പോലെ നിയന്ത്രിക്കുന്നതിൽ യോഗയ്ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനം തന്നെയാണ്.
ഡോ.കെ.വേണുഗോപാൽ
ശ്വാസകോശ രോഗം മേധാവി
ജനറൽ ആശുപത്രി
ആലപ്പുഴ
ഫോൺ: 9447162224.