rebar
പുനലൂർ താലൂക്കിലെ ചെറുകിട റബ്ബർ തോട്ടം

പുനലൂർ: കേരളത്തിലെ ഏറ്റവും വലിയ നാണ്യവിളയായ റബർ കൃഷിയിലുണ്ടായ തകർച്ച നാടിന്റെ സാമ്പത്തിക സ്ഥിതിയെയും പ്രതിസന്ധിയിലാഴ്ത്തി. ആയിരക്കണക്കിന് ചെറുകിട കർഷകർക്ക് പുറമെ, വൻകിട റബർ കർഷകരും വ്യാപാരികളും, ടാപ്പിംഗ് തൊഴിലാളികളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. റബർ വിലയിടിവ് മൂലം കൃഷി ആദായകരമല്ലാതായതോടെ ഭൂരിഭാഗം ചെറുകിട കർഷകരും റബർ കൃഷി ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് തിരിയുകയാണ്.

ഒരു കിലോ റബറിന് 250 രൂപ വില ലഭിച്ചിരുന്നപ്പോൾ പത്ത് സെന്റ് ഭൂമിയുള്ളവർ പോലും കുരുമുളക് അടക്കമുളള മറ്റു കൃഷികൾ ഒഴിവാക്കി റബർ കൃഷിയിലേക്ക് തിരിഞ്ഞു. എന്നാൽ ഇന്ന് സ്ഥിതി മറിച്ചായി.

ഒരു കിലോക്ക് 250 രൂപ ലഭിച്ചിരുന്നപ്പോൾ ഒരു കുടുംബത്തിന് ജീവിക്കാൻ ഇത് മതിയാകുമായിരുന്നു. എന്നാൽ ഏതാനും വർഷങ്ങളായി വിലയിടിഞ്ഞതോടെ റബ്ബർ കൃഷി ചെയ്തിരുന്ന കർഷകരിൽ ഭൂരിഭാഗവും ഇത് മുറിച്ച് മാറ്റി മറ്റു കൃഷികൾ ആരംഭിച്ചു കഴിഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ റിഹാബിലിറ്റേഷൻ പ്ലാൻേറഷൻ ലിമിറ്റഡ് (ആർ.പി.എൽ), സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ അടക്കമുളള സ്ഥാപനങ്ങൾ പോലും റബർ കൃഷി ഉപേക്ഷിച്ച് ഇതര കൃഷികൾ ആരംഭിച്ചു. ഒരു റബർ മരം ടാപ്പു ചെയ്ത് പാലുറച്ച് നൽകുന്ന തൊഴിലാളിക്ക് ഒരു മരത്തിന് രണ്ട് രൂപ വരെയാണ് കൂലിയായി നൽകുന്നത്. ഒരേക്കർ ഭൂമിയിൽ മുന്നൂറ് റബർ മരങ്ങൾ വരെയുണ്ടാകും. ഇത് ടാപ്പ് ചെയ്യുന്ന തൊഴിലാളിക്ക് 600 രൂപ ടാപ്പിംഗ് കൂലിയും മറ്റും നൽകി കഴിഞ്ഞാൽ ഉടമയ്ക്ക് മിച്ചമൊന്നും ലഭിക്കാറില്ല. റബർ വില ഇടിഞ്ഞെങ്കിലും കൂലിയിൽ കുറവുണ്ടായില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം കാലാകാലങ്ങളിൽ ടാപ്പിംഗ് കൂലിയും മറ്റും വർദ്ധിപ്പിച്ചു നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

വൻകിട തോട്ടങ്ങളിലെ ടാപ്പിംഗ് തൊഴിലാളികൾക്ക് മിനിമം കൂലിക്ക് പുറമെ മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നു. ഭൂമി പാകപ്പെടുത്തി റബ്ബർ തൈകൾ നട്ടു ഏഴ് വർഷം പൂർത്തിയാകുമ്പോഴാണ് ടാപ്പിംഗ് ആരംഭിക്കാറുളളത്.ഇതിനകം ഒരു ഏക്കർ ഭൂമിയിൽ രണ്ട് ലക്ഷത്തിലധികം രൂപയാണ് കർഷകർ ചെലവഴിക്കേണ്ടി വരുന്നത്.

വരുമാനവും ചെലവും

ഒരു കിലോ ഷീറ്റിന് വില: 127രൂപ

ഒരു കിലോ ഷീറ്റിന് വെട്ടുന്ന മരങ്ങൾ: 15

ഒരേക്കറിൽ മരങ്ങൾ: 300

ഒരേക്കറിൽ കിട്ടുന്ന ഷീറ്റ്: 20 കിലോ

ഒരേക്കറിലെ വരുമാനം: 2540

വരുമാനം കിട്ടുന്നത് : 6 മാസം മാത്രം (180 ദിവസം)

ഒരു മരത്തിന് കൂലി : 2 രൂപ

ഒരേക്കറിലെ കൂലി: 600 രൂപ

മറ്റു ചെലവുകൾ:

കാടു തെളിക്കൽ, തുരിശ് തളിക്കൽ

15000- 20000 വരെ

കമന്റ്

റബ്ബർ ടാപ്പിംഗ് കൂലി, വളം ഇടീൽ, കാട് എടുപ്പ്, തുരിശടി, ഉണക്ക് കൂലി അടക്കമുള്ളവ ചെലവായി കഴിഞ്ഞാൽ ഒരു രൂപ മിച്ചമില്ലാത്ത അവസ്ഥയാണ്

എസ്. ചന്ദ്രബാബു,

റബർ കർഷകൻ

സബ്സിഡി

പത്ത് സെന്റ് മുതൽ ഒരേക്കർ ഭൂമിയിൽ നിന്ന് ഒരു മാസം 60 കിലോ റബർ വരെ വരുമാനമുളളവർക്കെ സർക്കാരിൽ നിന്ന് സബ്സിഡി ലഭിക്കൂ. ഇതാണ് സർക്കാരിൽ നിന്ന് കർഷകന് ലഭിക്കുന്ന ഏക ആശ്വാസം.

റബർ കൃഷി കൂടുതൽ

പുനലൂർ, പത്തനാപുരം താലൂക്കുകളിലാണ്. പത്ത് സെന്റ് ഭൂമിയുള്ളവർ മുതൽ നൂറുകണക്കിന് ഹെക്ടർ ഭൂമിയുള്ള വൻകമ്പനികൾ വരെ ഈ രണ്ടു താലൂക്കിലുണ്ട്. തെങ്ങിൻ തോപ്പുകളാണ് റബർ കൃഷിക്ക് വഴിമാറിയത്.

കമ്പനികൾ

ഹരിസൺ മലയാളം പ്ലാന്റേഷൻ,

ബി.ബി.എസ്റ്റേറ്റ്,

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ,

ചാലിയക്കര എസ്റ്റേറ്റ്,

ആർ.പി.എൽ