കൊല്ലം: ജില്ലയിൽ സവാള വില നൂറ് രൂപയിലും കൊച്ചുള്ളിയുടേത് 128 ലും പിടിച്ചുകെട്ടാൻ പൊതുവിതരണ വകുപ്പ്. വില നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലെ സൂപ്പർ മാർക്കറ്റുകളിലും മൊത്തവ്യാപാര കേന്ദ്രങ്ങളിലും പൊതുവിതരണ വകുപ്പിലെയും ലീഗൽ മെട്രോളജി വകുപ്പിലെയും ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന ആരംഭിച്ചു.
വ്യാപാര സ്ഥാപനങ്ങൾ തോന്നിയ വിലയ്ക്കാണ് സവാളയും കൊച്ചുള്ളിയും വിൽക്കുന്നത്. തൊട്ടടുത്ത കടകളിലെ വിലകൾ തമ്മിൽ പോലും പത്ത് രൂപയുടെ വരെ അന്തരമുണ്ട്. ചിലയിടത്ത് ഒരു കിലോ സവാള 110 രൂപയ്ക്ക് വൽക്കുമ്പോൾ മറ്റ് ചിലയിടത്ത് 135 രൂപ വരെ വാങ്ങുന്നുണ്ട്.
കൊള്ളലാഭം കൊയ്ത് വൻകിടക്കാർ
118 രൂപയ്ക്ക് സവാള വിറ്റിരുന്ന സൂപ്പർ മാർക്കറ്റുകൾ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ വില കുറയ്ക്കണമെന്നാവശ്യപ്പെട്ടപ്പോൾ 100 രൂപയ്ക്ക് വിൽക്കാൻ തയ്യാറായി. 130 രൂപയ്ക്ക് വരെ വില്പന നടത്തിയ കടകളുമുണ്ട്. ചില മൊത്തവ്യാപാര സ്ഥാപനങ്ങളിൽ പരിശോധനാ സംഘമെത്തി വാങ്ങിയ ബിൽ ആവശ്യപ്പെട്ടപ്പോൾ തന്നെ വില കുറയ്ക്കാമെന്നായി.
പൂഴ്ത്തിവച്ചാൽ പിടിച്ചെടുക്കും
ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ 5 ക്വിന്റലിൽ അധികവും മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പത്ത് ക്വിന്റലിൽ അധികവും സവാളയും കൊച്ചുള്ളിയും സംഭരിച്ചാൽ പൊതുവിതരണ വകുപ്പ് പിടിച്ചെടുക്കും.
നോക്കുകുത്തിയായി സപ്ലൈകോ
കുറഞ്ഞ വിലയ്ക്ക് സവാള വിതരണം ചെയ്യുമെന്ന മന്ത്രിയുടെ പ്രഖ്യാപനം വന്നിട്ട് ആഴ്ചകളായെങ്കിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലെങ്ങും സവാള എത്തിയില്ല. ഒന്നരമാസമായി കൊച്ചുള്ളിയുമില്ല. സപ്ലൈകോ ഹെഡ് ഓഫീസിൽ ഡിപ്പോ മാനേജർ ആവശ്യമുള്ള സവാള എത്രയെന്ന് അറിയിച്ച് ആഴ്ചകളായി കാത്തിരിക്കുകയാണ്.
സവാള വില
രണ്ടരമാസം മുമ്പ് : 35
ഒരാഴ്ച മുമ്പ് : 95
തിങ്കളാഴ്ച: 125
കൊച്ചുള്ളി വില
ഒരുമാസം മുമ്പ് : 65
രണ്ടാഴ്ച മുമ്പ് : 100
തിങ്കളാഴ്ച: 135
138 കടകളിൽ പരിശോധന
പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥ സംഘം കൊല്ലം, കൊട്ടിയം, കണ്ണനല്ലൂർ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 106 ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും 32 മൊത്തക്കടകളിലുമായിരുന്നു പരിശോധന. സവാളയുടെയും ചെറിയ ഉള്ളിയുടെയും വില യഥാക്രമം 100, 128 എന്നിങ്ങനെ നിജപ്പെടുത്തി വിതരണം നടത്താൻ കർശനമായ നിർദ്ദേശം നൽകി. ജില്ലാ സപ്ലൈ ഓഫീസർ അനിൽരാജ്, താലൂക്ക് സപ്ലൈ ഓഫീസർ അനിൽ കുമാർ, ലീഗൽ മെട്രോളജി അസിസ്റ്റന്റ് കമ്മിഷണർ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.