magic
കൊല്ലം സെന്റ് ജോസഫ് കോൺവന്റ് സ്കൂളിൽ മജീഷ്യൻ നാഥ് നടത്തിയ മാജിക്ക് ഷോയിൽ നിന്ന്

കൊല്ലം: നിങ്ങളിൽ ആർക്കൊക്കെയാണ് പൊറോട്ടയിഷ്ടം ? ചോദിക്കേണ്ട താമസം സദസ് മുഴുവൻ കൈപൊക്കി.

എന്നാൽ ശൂന്യമായ പാത്രത്തിൽ നിന്ന് പൊറോട്ട പുറത്തെടുത്ത് കുട്ടികളെ കൈയിലെടുത്ത മജിഷ്യന്റെ തുടർന്നുള്ള വാക്കുകൾ കേട്ടിരുന്ന വിദ്യാർത്ഥികൾക്ക് പിന്നെ ആശങ്കയേറുകയായിരുന്നു. രോഗങ്ങളിൽ നിന്ന് രോഗങ്ങളിലേക്ക് നയിക്കുന്ന പൊറോട്ടയുടെ ഭീകരരൂപം അറിഞ്ഞതോടെ ഇനിയാർക്കൊക്കെ പൊറോട്ട വേണമെന്ന മജിഷ്യന്റെ ചോദ്യത്തിന് ഒരാൾ പോലും കൈപൊക്കാനുണ്ടായില്ല.

മാജിക്ക് കണ്ട് വിസ്മയിക്കാനും കരഘോഷം മുഴക്കാനുമെത്തിയ വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവവും പാഠങ്ങളും നൽകി മാജിക്ക് ഒരു നവ്യാനുഭവമാക്കി മാറ്റിയെടുക്കുകയായിരുന്നു മജീഷ്യൻ നാഥ്. വളർന്നുവരുന്ന തലമുറയിലൂടെ സാമൂഹിക ബോധവത്കരണം ലക്ഷ്യമിട്ട് കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ മുന്നിലാണ് അദ്ദേഹം ജാലവിദ്യ കാട്ടിയത്. പെൺകുട്ടികളുടെ ആത്മധൈര്യത്തിൽ നിന്ന് ആരംഭിച്ച് പ്രകൃതിക്ഷോഭങ്ങളിലൂടെ സഞ്ചരിച്ച് തമാശകളിലൂടെയും ശാസ്ത്രീയ വിശകലനങ്ങളിലൂടെയും ഗൗരവമേറിയ സന്ദേശങ്ങൾ അദ്ദേഹം കൈമാറി.