kottiyam
കൊട്ടിയം ജംഗ്ഷൻ

 സർവേ മയ്യനാട് പഞ്ചായത്തിന്റെ മാസ്റ്റർ പ്ലാനിനായി

കൊല്ലം: മയ്യനാട് പഞ്ചായത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി കൊട്ടിയം ജംഗ്ഷനിൽ ഗതാഗത സർവേ തുടങ്ങി. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗമാണ് സർവേ നടത്തുന്നത്.

കൊട്ടിയം ജംഗ്ഷനിൽ നിന്ന് മയ്യനാടേക്ക് തിരിയുന്ന ഭാഗത്ത് ആവശ്യത്തിന് വീതിയില്ലെന്ന് പ്രാഥമിക വിവരശേഖരണത്തിൽ തന്നെ വ്യക്തമായിട്ടുണ്ട്. മയ്യനാടേക്കും തിരിച്ചും പോകാൻ വാഹനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ജംഗ്ഷന്റെ ഹൃദയഭാഗത്ത് തന്നെ കുരുക്ക് സൃഷ്ടിക്കുകയാണ്. വാഹനങ്ങളുടെ വിവരശേഖരണം പൂർത്തിയായ ശേഷം ജംഗ്ഷനിൽ നിലവിലുള്ള സ്ഥലം ഏതൊക്കെ തരത്തിൽ ഉപയോഗിക്കുന്നുവെന്നുള്ള ജംഗ്ഷൻ സർവേ ആരംഭിക്കും. ഈ സർവേയുടെ അടിസ്ഥാനത്തിലാകും കൂടുതൽ സൗകര്യപ്രദമാക്കാൻ വരുത്തേണ്ട മാറ്റങ്ങളും വികസന പ്രവർത്തനങ്ങളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തുക.

കൊട്ടിയം ജംഗ്ഷനിലെ ബസ് സ്റ്റാൻഡുകൾ, ഓട്ടോ, ടാക്സി, ലോറി സ്റ്റാൻഡുകൾ, ഗതാഗത ക്രമീകരണം എന്നിവയുടെ കാര്യത്തിൽ സമ്പൂർണ്ണമായ പൊളിച്ചെഴുത്ത് മാസ്റ്റർ പ്ലാനിൽ ഉണ്ടാകുമെന്നാണ് സൂചന. കൊട്ടിയം ജംഗ്ഷൻ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നമായ അനധികൃത പാർക്കിംഗിന് പരിഹാരം കാണാൻ പ്രത്യേക പാർക്കിംഗ് കേന്ദ്രം, പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും വിശ്രമത്തിനും മൊബിലിറ്റി ഹബ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും മാസ്റ്റർ പ്ലാനിൽ ഉണ്ടാകും.

 സർവേയുടെ ലക്ഷ്യം

നാല് പ്രധാന റോഡുകളിൽ നിന്നെ കൊട്ടിയം ജംഗ്ഷനിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണവും ഇവ എങ്ങോട്ട് പോകുന്നുവെന്നുമുള്ള വിവര ശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. തിരക്കേറിയതും അല്ലാത്തതുമായ സമയങ്ങൾ വേർതിരിച്ചാണ് വിവരം ശേഖരണം. ഇതിന്റെ അടിസ്ഥാനത്തിലാകും ജംഗ്ഷനിലേക്കുള്ള റോഡിന്റെ വീതി കൂട്ടൽ, ഏർപ്പെടുത്തേണ്ട ഗതാഗത ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച നിഗമനത്തിലെത്തുക.