കൊല്ലം : കേരള ജെം ആന്റ് ജൂവലറി ഷോ ഡിസംബർ 7, 8, 9 തീയതികളിൽ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് കെ.ജി.ജെ.എസ് എക്‌സ്‌പോ സംഘാടക സമിതി അംഗങ്ങളായ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൽനാസർ, ജനറൽ സെക്രട്ടറി ബി.പ്രേമാനന്ദ് എന്നിവർ അറിയിച്ചു.
കൊല്ലം ജില്ലയിൽ നിന്നും 300 സ്വർണവ്യാപാരികൾ പ്രദർശനത്തിന് പങ്കെടുക്കുമെന്ന് അവർ അറിയിച്ചു. കേരളത്തിൽ പത്താമത്തെ തവണയാണ് ഈ പ്രദർശനം. ഇന്ത്യയിലെ 250 നിർമ്മാതാക്കളുടെ 400 ലധികം പ്രദർശന ബൂത്തുകളുണ്ടാവും. സ്വർണം, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ആഭരണങ്ങൾ എന്നിവയുടെ പ്രദർശനം കൂടാതെ മെഷിനറികളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ശീതീകരിച്ച ഒരുലക്ഷം ചതുരശ്ര അടിയിലാണ് പ്രദർശനം. ആറായിരത്തോളം സ്വർണവ്യാപാരികളാണ് പ്രദർശനം കാണാൻ എത്തുന്നത്. വിദേശ പ്രതിനിധികളും എത്തുന്നുണ്ട്. സെമിനാറുകളും ചർച്ചാക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.