sameer
സമീറും വിനോജ് കുമാറും

കൊല്ലം: പിടികിട്ടാപ്പുള്ളികളെ കണ്ടെത്താനുള്ള 'ഓപ്പറേഷൻ ഡിസംബർ ഹണ്ടിന്റെ' ഭാഗമായി നടന്ന പ്രത്യേക പട്രോളിംഗിനിടെ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിലായി. കിളികൊല്ലൂർ കല്ലുംതാഴം അനുഗ്രഹ നഗർ 180 കല്ലുമ്പുറത്ത് വീട്ടിൽ സമീർ (42), മങ്ങാട് രജിത ഭവനിൽ വിനോജ് കുമാർ എന്നിവരാണ് പിടിയിലായത്.

ഇരവിപുരം എസ്.ഐ എ.പി. അനീഷിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം ഇന്നലെ പുലർച്ചെ 3.30 ഓടെ പുന്തലത്താഴം ബിവറേജസിന് സമീപമെത്തിയപ്പോൾ ആരോ പെട്ടിക്കടയുടെ മറവിൽ ഒളിക്കുന്നതായി കണ്ടു. തുടർന്ന് പൊലീസ് സംഘം പെട്ടിക്കട വളഞ്ഞ് ഇരുവരെയും പിടികൂടുകയായിരുന്നു.

സമീർ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂർ, ചാത്തന്നൂർ സ്റ്റേഷനുകളിലായി 11 മോഷണ കേസുകളിൽ പ്രതിയാണ്. വിനോജ് കുണ്ടറ, ഇരവിപുരം സ്റ്റേഷനുകളിൽ മോഷണ കേസിൽ പ്രതിയാണ്. ഇവരുടെ പക്കൽ നിന്ന് 3712 രൂപയുടെ ചില്ലറ നാണയം കണ്ടെടുത്തു. ഏതെങ്കിലും ദേവാലയത്തിന്റെ വഞ്ചി കുത്തിപ്പൊളിച്ചതാകാമെന്നാണ് സംശയം. എന്നാൽ വഞ്ചികുത്തിപ്പൊളിച്ചതായുള്ള പരാതി നഗരപരിധിയിലെ സ്റ്റേഷനുകളിലെങ്ങും ഇതുവരെ ലഭിച്ചിട്ടില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.