c

മൺറോത്തുരുത്ത്: മൺറോത്തുരുത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികളുടെ പരാതി. തെരുവ് നായ്ക്കൾ ചെറിയ റോഡുകളിലൂടെ തലങ്ങും വിലങ്ങും ഓടുന്നത് ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഭീഷണിയാകുന്നുണ്ട്. വിദേശ ടൂറിസ്റ്റുകൾ രാത്രി ഇടറോഡുകളിലൂടെ കാൽനടയായി ചുറ്റിക്കറങ്ങുന്നത് പതിവ് കാഴ്ച്ചയാണ്. രാത്രി കാലങ്ങളിൽ മിക്ക ഇട റോഡുകളിലും തെരുവുവിളക്കുകൾ കത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. അതിനൊപ്പം തെരുവ് നായ്ക്കളുടെ ശല്യം ക്രമാതീതമായി വർദ്ധിച്ചത് നാട്ടുകാർക്കും സഞ്ചാരികൾക്കും വിനയാവുകയാണ്. ടൂറിസം ഗ്രാമമായ മൺറോത്തുരുത്തിൽ തെരുവ് നായ്ക്കൾ പെരുകുന്നതിനെതിരെ ഗ്രാമ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്താത്ത തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

വിനോദ സഞ്ചാരികൾക്ക് ഭീഷണി

ടൂറിസം ഗ്രാമമായതിനാൽ മൺറോത്തുരുത്തിലെ സഞ്ചാരികൾക്ക് തെരുവ് നായ്ക്കളുടെ ശല്യം വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഓപ്പറേറ്റിംഗ് സെന്ററായ കാരൂത്തറക്കടവിനു സമീപത്ത് വച്ച് നാട്ടുകാരിൽ ചിലർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. വിദേശ ടൂറിസ്റ്റുകൾ മിക്കവരും രാപ്പകൽ വ്യത്യാസമില്ലാതെ ഇടറോഡുകളിലൂടെ കാൽനടയായി ചുറ്റിക്കറങ്ങുന്നത് പതിവ് കാഴ്ച്ചയാണ്.