പത്തനാപുരം: അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ തകർന്നു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9മണിയോടെ നടുക്കുന്നിലായിരുന്നു സംഭവം. കമുകുംചേരി ചെന്നിലമൺ കിഴക്കേതലക്കൽ കെ.കെ. അലക്സാണ്ടറിന്റെ ഇരുചക്രവാഹനത്തിലാണ് കമുകുംചേരി പുനലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിച്ചത്.
കമുകുംചേരിയിൽ നിന്ന് പത്തനാപുരത്തുള്ള തന്റെ സ്ഥാപനത്തിലേക്ക് വരികയായിരുന്നു അലക്സാണ്ടർ. ഇതിനിടെ എതിർദിശയിൽ വളവ് തിരിഞ്ഞെത്തിയ ബസ് സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താൽ അലക്സാണ്ടർ മറുവശത്തേക്ക് വീണതിനാൽ വലിയ പരിക്കേൽക്കാതെ രക്ഷപെട്ടു. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് അലക്സാണ്ടർ സ്വകാര്യ ആശുപതിയിൽ ചികിത്സ തേടി.പത്തനാപുരം പൊലീസ് കേസെടുത്തു.