a

എഴുകോൺ: സ്കൂട്ടറിൽ സഞ്ചരിച്ച സഹോദരിമാരായ യുവതികളെ പിന്തുടർന്ന് വന്ന് അപമാനിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. നെടുമൺകാവ് പുലിയില വേങ്ങനാട് ജെ.ജെ ഭവനിൽ ജയേഷ് (24), പുലിയില പൊയ്കയിൽ വീട്ടിൽ ഗോകുൽകുമാർ (25) എന്നിവരാണ് എഴുകോൺ പൊലീസിന്റെ പിടിയിലായത്.

2ന് വൈകിട്ട് 5.30ഓടെ നെടുമൺക്കാവ് കുടിക്കോട് ജംഗ്ഷനിലായിരുന്നു സംഭവം. പുലിയില ഭാഗത്ത് നിന്ന് നെടുമൺകാവിലേക്ക്‌ വരികയായിരുന്ന യുവതികളുടെ മുന്നിൽ സഞ്ചരിച്ചിരുന്ന യുവാക്കൾ ബൈക്കിൽ അഭ്യാസ പ്രകടനം കാണിച്ചു. ഇത് ചോദ്യം ചെയ്ത യുവതികളെ പ്രതികൾ പിന്തുടർന്നെത്തി വാഹനം തടഞ്ഞശേഷം അസഭ്യം പറയുകയും അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. എഴുകോൺ ക്രൈം എസ്.ഐ രവികുമാർ, എ.എസ്.ഐ സന്തോഷ് കുമാർ, എസ്.സി.പി.ഒ ജേക്കബ്, വനിതാ എസ്.സി.പി.ഒ ഷീബ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.