navas
ശാസ്താംകോട്ട -കരുനാഗപ്പള്ളി പ്രധാന പാതയിലെ ലെവൽ ക്രോസ്

ശാസ്താംകോട്ട: മൈനാഗപ്പള്ളിക്കാരുടെ ചിരകാലസ്വപ്നമായ റെയിൽവേ മേൽപ്പാലം പിന്നെയും തിരഞ്ഞെടുപ്പ് കാലത്തെ പതിവ് വാഗ്ദാനങ്ങളുടെ പട്ടികയിലേക്ക് ഒതുങ്ങുന്നു. മൈനാഗപ്പള്ളി പഞ്ചായത്തിൽ റെയിൽവേ മേൽപ്പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഞ്ചായത്തിലെ ആറു റെയിൽവേ ഗേറ്റുകളും ഒരേ സമയം അടയുന്നതോടെ മൈനാഗപ്പള്ളിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. വാഹനാപകടങ്ങളിൽപ്പെട്ട് അത്യാസന്ന നിലയിൽ എത്തുന്ന രോഗികളെ പ്രധാന ആശുപത്രികളുള്ള കരുനാഗപ്പള്ളിയിൽ കൊണ്ടുപോകണമെങ്കിൽ ലെവൽ ക്രോസ് കടക്കണം. തിരക്കുള്ള സമയത്ത് ഗേറ്റ് അടയ്ക്കുന്നതോടെ വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാകും. ഇതിനിടെ ഇത്രയും വാഹനങ്ങളെ മറികടന്ന് അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ മണിക്കൂറുകൾ വേണ്ടിവരും. ഇത്തരത്തിൽ ചികിത്സ ലഭിക്കാതെ ജീവൻ പൊലിഞ്ഞവരുടെ എണ്ണം ഏറെയാണ്. ശാസ്താംകോട്ട - കരുനാഗപ്പള്ളി റൂട്ടിലെ രണ്ട് ലെവൽ ക്രോസുകളിൽ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടത്തിൽപ്പെട്ട് മരിച്ചവരും നിരവധിയാണ്. പരിക്കു പറ്റി കിടപ്പിലായവർ അതിലേറെയും. തിരക്കേറിയ സമയത്ത് ലെവൽ ക്രോസു തുറക്കുമ്പോൾ അപകടങ്ങളുണ്ടാകുന്നത് പതിവാണ്.

സർക്കാൻ കനിയണം

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി മേൽപ്പാലം നിർമ്മിക്കുന്നതിന് റെയിൽവേ അനുമതി നൽകിയിട്ടും സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ ഇടം കിട്ടാതെ വന്നതോടെയാണ് മൈനാഗപ്പള്ളിക്കാർക്ക് മേൽപ്പാലം സ്വപ്നമായി മാറിയത്.

പഞ്ചായത്തിലെ 6 റെയിൽവേ ഗേറ്റുകളും ഒരേ സമയം അടയുന്നതോടെ മൈനാഗപ്പള്ളിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവും

ആക്ഷൻ കൗൺസിൽ

വർഷങ്ങൾക്ക് മുമ്പ് മൈനാഗപ്പള്ളിയിൽ മേൽപ്പാലം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം നടത്തിയിരുന്നെങ്കിലും ജനപ്രതിനിധികളുടെ പ്രഖ്യാപനങ്ങൾക്കു മുന്നിൽ സമരങ്ങളെല്ലാം അവസാനിപ്പിക്കുകയായിരുന്നു.