കുന്നത്തൂർ:പടിഞ്ഞാറെ കല്ലട വലിയപാടം സജുഭവനത്തിൽ ശ്രീദേവി - സാബു ദമ്പതികളുടെ കുട്ടി പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. ഇന്നലെ രാവിലെ 11 മണിയോടെ പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീണ്ടും മറവു ചെയ്തു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ഫോറൻസിക് ഓഫീസർ ഡോ.ബൽറാം, കൊട്ടാരക്കര റൂറൽ പൊലീസ് സയന്റിഫിക് ഓഫീസർ കാളിയമ്മാൾ,കരുനാഗപ്പള്ളി തഹസീൽദാർ സാജിതാ ബീഗം, കരുനാഗപ്പള്ളി എ.സി.പി വിധ്യാധരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
കഴിഞ്ഞ നവംബർ 11ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രസവത്തിനായി ശ്രീദേവിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെ രക്തം ആവശ്യപ്പെടുകയും അത് നൽകുകയും ചെയ്തു.എന്നാൽ രാത്രിയോടെ പ്രസവവേദന കലശലായെങ്കിലും ഡോക്ടർ തിരിഞ്ഞു നോക്കിയില്ലത്രേ.കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.വൈ.എഫ് അടക്കമുള്ള സംഘടനകൾ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു.തുടർന്ന് അന്വേഷണ കമ്മിഷനെയും നിയമിച്ചിരുന്നു.