കൊല്ലം: ബീച്ച് ഫെസ്റ്റും കാർണിവലും ഫുഡ് ഫെസ്റ്റുമായി നഗരം ഉറങ്ങാത്ത ആഘോഷങ്ങൾ ഒരുങ്ങുന്നു. കൊല്ലം വ്യാപാരോത്സവം 2020 എന്ന പേരിൽ ആരംഭിക്കുന്ന ഫെസ്റ്റിവലിനാണ് ഡിസംബർ 21 മുതൽ ജനുവരി 31വരെ ദേശിങ്ങനാട് സാക്ഷിയാവുക. രാത്രി 12 വരെയും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങളും ഫെസ്റ്റിവൽ ഒരുക്കുന്നുണ്ട്. 25 പവൻ സ്വർണമാണ് ഒന്നാം സമ്മാനം. 10, 5 പവൻ വീതം രണ്ടും മൂന്നും സമ്മാനങ്ങളും ഉണ്ട്. പ്രതിവാര നറുക്കെടുപ്പും നടക്കും.
നഗരവും വ്യാപാര സ്ഥാപനങ്ങളും ദീപാലങ്കാരങ്ങളാൽ മോടിയാക്കും. ബീച്ചിലും മറ്റുമായി പ്രത്യേക വ്യാപാര സ്റ്റാളുകളും ഫുഡ് കോർട്ടുകളും ഒരുക്കും. കേക്ക് ഫെസ്റ്റും നടക്കും. എല്ലാ സന്ധ്യകളിലും കലാമേളകൾ ഉണ്ടായിരിക്കും. പ്രമുഖ കലാകാരൻമാരുടെ സാന്നിധ്യം ഉറപ്പ് വരുത്തും. നാടൻ കലാ മേളകളും ഗസൽ സന്ധ്യകളും സ്കിറ്റ് മത്സരങ്ങളും മേളയെ ആകർഷകമാക്കും.
ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ഫുട്ബോൾ, കബഡി, വോളിബോൾ, വടംവലി മത്സരങ്ങൾ ഉണ്ടാവും. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേകമായി മത്സരങ്ങളും ഉണ്ടായിരിക്കും. സ്പോർട്സ്, ടൂറിസം, തദ്ദേശ സ്വയംഭരണം, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് ബീച്ച് ഫെസ്റ്റ് നടക്കുക.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ എം. നൗഷാദ് എം എൽ എ, മേയർ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്,ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, കാപ്പെക്സ് ചെയർമാൻ പി. ആർ വസന്തൻ, വ്യാപാരവ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സി. ദേവരാജൻ, സബ് കളക്ടർ അനുപം മിശ്ര, എ. സി. പി പ്രതീപ് കുമാർ, എ. ഡി. എം പി.ആർ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.