കൊല്ലം: രാത്രികാല അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതാണെന്ന് ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ പറഞ്ഞു. ട്രാക്കും റോട്ടറി ക്ലബ് ഓഫ് കൊല്ലം മെട്രോയും സംയുക്തമായി കൊല്ലം ബൈപാസിലെ ടോൾപ്ലാസയിൽ സംഘടിപ്പിച്ച ദീർഘദൂര ഡ്രൈവർമാർക്കുള്ള ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. ചുക്കുകാപ്പി കൊടുക്കുകയും ബോധവൽക്കരിക്കുകയും ചെയ്യുന്നതിലൂടെ ഡ്രൈവർമാരുടെ ഉറക്കം ഇല്ലാതാക്കുക മാത്രമല്ല, അവരുടെ ഹൃദയങ്ങളിൽ റോഡ് സംസ്‌കാരത്തിന്റെ നന്മകൾ ഊട്ടിയുറപ്പിക്കുക കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ആർ.ടി.ഒ. വി. സജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം റിട്ട.ആർ.ടി.ഒ പി.എ സത്യൻ തയ്യാറാക്കിയ സേഫ് കൊല്ലം റോഡ് സുരക്ഷാ ബോധവൽക്കരണ കാർഡുകളുടെ പ്രകാശനം സിറ്റി പൊലീസ് കമ്മിഷണർ പി.കെ മധു നിർവഹിച്ചു. എക്‌സൈസ് അസി. കമ്മിഷണർ താജുദീൻ, ട്രാക്ക് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, റോട്ടറി ക്ലബ് ഓഫ് കൊല്ലം മെട്രോ പ്രസിഡന്റ് നിജു ജമാൽ, റെഡ്‌ക്രോസ് സെക്രട്ടറി അജയകുമാർ, കൗൺസിലർമാരായ അജിത്, അനിൽ, ട്രാക്ക് ഭാരവാഹികളായ ജോർജ് എഫ്. സേവ്യർ വലിയവീട്, ഡോ. ആതുരദാസ്, ജോർജ് തോമസ്, സന്തോഷ് തങ്കച്ചൻ, രാജേഷ് തെങ്ങിലഴികത്ത്, ട്രാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർ. ശരത് ചന്ദ്രൻ, ഗോപൻ ലോജിക്, സാബു ഓലയിൽ, സലിം എന്നിവർ സംസാരിച്ചു.
ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറിന്റെ നേതൃത്വത്തിൽ കടപ്പാക്കട ഫയർ ആന്റ് റെസ്‌ക്യൂ ടീമാണ് വിവിധ ആയുവേദ മരുന്നുകൾ ഉൾപ്പെടുന്ന ചുക്കുകാപ്പി തയ്യാറാക്കിയത്. എല്ലാ ദിവസവും രാത്രി 12 മണി മുതൽ രാവിലെ നാല് മണി വരെയാണ് ചുക്കുകാപ്പി വിതരണം ചെയ്യുക. ഡിസംബർ 31 വരെയാണ് ചുക്കുകാപ്പി വിതരണം.