കൊല്ലം: കൊല്ലം നഗരസഭയും കലാഗ്രാമവും സംയുക്തമായി സംഘടിപ്പിക്കുന്ന കൊല്ലം നാടകോത്സവത്തിന് സോപാനം ഓഡിറ്റോറിയത്തിൽ തുടക്കമായി. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീതനാടക അക്കാഡമി അവാർഡ് ജേതാവ് ശശി സൗപർണിക, കലാഗ്രാമം പ്രസിഡന്റ് കെ.കെ. മണി, എം.എ. സത്താർ, എ.കെ. ഹഫീസ്, സെക്രട്ടറി എ.എസ്. അനുജ എന്നിവർ സംസാരിച്ചു. കോഴിക്കോട് ജനം നാടകവേദിയുടെ ഒറ്റയാൾ നാടകമായ ചക്കരപ്പന്തലായിരുന്നു ഉദ്ഘാടന നാടകം.
നാടകോത്സവം 18ന് സമാപിക്കും. സോപാനം കലാകേന്ദ്രത്തിൽ എല്ലാ ദിവസവും വൈകിട്ട് 6.30നാണ് നാടകം.