kottiyam-bus
കൊട്ടിയം ജംഗ്ഷന് സമീപം ദേശീയപാതയോരത്ത് പാർക്ക് ചെയ്തിരിക്കുന്ന സ്വകാര്യ ബസുകൾ

 ബസ് സ്റ്രാൻഡ് വേണമെന്ന് ആവശ്യം

കൊല്ലം: കൊട്ടിയം ജംഗ്ഷനിൽ പാതയോരം കൈയേറിയുള്ള ബസുകളുടെ വിശ്രമം കാൽനടയാത്രക്കാരെയുൾപ്പെടെ ബുദ്ധിമുട്ടിലാക്കുന്നതിനൊപ്പം ഗതാഗത കുരുക്കിനും ഇടയാക്കുന്നു. പ്രശ്ന പരിഹാരത്തിന് ജംഗ്ഷനടുത്ത് ഒഴിഞ്ഞ സ്ഥലം കണ്ടെത്തി ബസ് സ്റ്റാൻഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നൂറോളം സ്വകാര്യ ബസുകളും നിരവധി കെ.എസ്.ആർ.ടി.സി ബസുകളും കൊട്ടിയത്ത് നിന്ന് സർവീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇവയെല്ലാം വിവിധ സമയങ്ങളിലെ ഇടവേളകളിലും രാത്രി സർവീസ് അവസാനിപ്പിച്ച ശേഷവും പാർക്ക് ചെയ്യുന്നത് കൊട്ടിയം ഇ.എസ്.ഐ ആശുപത്രിക്ക് സമീപവും ചിറ ഗ്രൗണ്ടിനടുത്ത് ദേശീയപാതയോരത്തുമാണ്. ബസുകൾ കൂട്ടത്തോടെ ഇവിടങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ കാൽനടയാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാനാകില്ല. ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് കടന്നുചെല്ലാനുമാകില്ല.

ജംഗ്ഷനോട് ചേർന്നുള്ള ഈ ഭാഗത്തേക്ക് വരാനും പോകാനും ബസുകൾ തുടർച്ചയായി റോഡ് മുറിച്ചുകടക്കുന്നത് ദേശീയപാതയിൽ ഗതാഗത കുരുക്കും സൃഷ്ടിക്കുന്നുണ്ട്. ബസുകളിലെ ജീവനക്കാർ പാർക്ക് ചെയ്യുന്നിടത്ത് തന്നെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതും വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.

കൊട്ടിയം ജംഗ്ഷനിൽ ബസ് സ്റ്റാൻഡ് ആരംഭിച്ചാൽ ബസ് സ്റ്റോപ്പുകളിലെ തിരക്കിനും പരിഹാരമാകും. യാത്രക്കാർക്ക് സ്റ്റാൻഡിലെത്തി ബസുകളിൽ കയറാം. ബസുകളിലെ ജീവനക്കാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യങ്ങളുമാകും.

 '' കൊട്ടിയം ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പ്രധാന കാരണങ്ങളിലൊന്ന് ബസുകളുടെ പാർക്കിംഗാണ്. ജംഗ്ഷനിൽ നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ്. ഇരുചക്രവാഹന യാത്രക്കാർ പോലും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. ബസ് സ്റ്റാൻഡ് സ്ഥാപിച്ചാൽ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കും ഏറെ ഗുണകരമാകും."

ആർ. കുട്ടപ്പൻ (വൈസ് പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 903-ാം നമ്പർ ശാഖ)