കൊല്ലം: പി. എസ്. സി നടത്തുന്ന തൊഴിൽ പരീക്ഷകളുടെ ചോദ്യപേപ്പർ മലയാളത്തിൽകൂടി നൽകുന്നതിനാവശ്യമായ ഇടപെടൽ ഗവ. തലത്തിൽ നടത്തുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മലയാള ഐക്യവേദി പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ജില്ലയിലുടനീളം പര്യടനം നടത്തിയ ഭാഷാവബോധ കലാജാഥയുടെ സമാപന സമ്മേളനം പരവൂർ മുനിസിപ്പൽ ബസ് സ്റ്റാന്റ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും താനുമടക്കമുള്ള പല മന്ത്രിമാരും ഫയലുകളിൽ മലയാളം ഉപയോഗിച്ചു തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥന്മാരും ഈ പാത സ്വീകരിക്കേണ്ടതുണ്ട്.
പരവൂർ മുനിസിപ്പൽ ചെയർമാൻ കെ. പി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം. എൽ. എ കലാകാരന്മാരെ ആദരിച്ചു. എസ്. എൻ. വി. ആർ. സി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു മുഖ്യപ്രഭാഷണം നടത്തി. പരവൂർ സർവീസ് സഹ.ബാങ്ക് പ്രസിഡന്റ് എ. സഫറുള്ള, പരവൂർ റീജിയണൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെ. വിജയകുമാരക്കുറുപ്പ്, ചാത്തന്നൂർ എസ്. എൻ ഹൈസ്‌ക്കൂൾ ഹെഡ്മാസ്റ്റർ ബി. ബി. ഗോപകുമാർ, മലയാള ഐക്യവേദി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേന്ദ്രൻ കടയ്‌ക്കോട്, സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ, ജാഥാ ക്യാപ്ടൻ അടുതല ജയപ്രകാശ്, ജാഥാ മാനേജർ യു. അനിൽകുമാർ, എസ്. സുശീൽകുമാർ എന്നിവർ സംസാരിച്ചു. യോഗത്തിന് ശേഷം കലാജാഥാംഗങ്ങൾ കലാപരിപാടികളും അവതരിപ്പിച്ചു.