ഓച്ചിറ: വയലാറും ദേവരാജൻ മാഷും ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്നെങ്കിൽ ശബരിമല പ്രശ്‌നം ഇത്രയും വഷളാകില്ലായിരുന്നെന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. ക്ലാപ്പന പ്രിയദർശിനി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച നാടകരാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂരമ്പലത്തിൽ പോയി ഗുരുവായൂരപ്പനെ വണങ്ങണമെന്ന യേശുദാസിന്റെ ആഗ്രഹം അഹിന്ദുക്കൾക്ക് ക്ഷേത്ര പ്രവേശനം വിലക്കിയിട്ടുള്ളതിനാൽ വലിയ ചർച്ചകൾക്കും ഒച്ചപ്പാടുകൾക്കും കാരണമായി. ആ കാലഘട്ടത്തിലാണ് കുഞ്ചാക്കോ നിർമ്മിച്ച് വയലാർ എഴുതി ദേവരാജൻ മാഷ് സംഗീതം നൽകി യേശുദാസ് പാടി പ്രേംനസീർ അഭിനയിച്ച തച്ചോളി ഒതേനൻ എന്ന സിനിമയിൽ ഗുരുവായൂരമ്പല നടയിൽ ഒരുദിവസം ഞാൻ പോകും എന്ന അനശ്വര ഗാനം പിറക്കുന്നത്. അതോടെ ആ വിവാദം അവിടെ അവസാനിച്ചു. നാടകങ്ങൾ ജീവിത ഗന്ധികളായി മാറുന്ന കാഴ്ച്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സാംസ്‌കാരിക വേദി പ്രസിഡന്റുമായ എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. കാപ്പെക്‌സ് ചെയർമാൻ പി.ആർ. വസന്തൻ, യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, സി.ആർ. മനോജ്, എം.പി. സുരേഷ് ബാബു, കെ.വി. സൂര്യകുമാർ, കൊല്ലടിയിൽ രാധാകൃഷ്ണൻ, എ. ഷാജഹാൻ, ക്ലാപ്പന ഷിബു, കെ. ആർ. വത്സൻ, ബി. ശ്രീകുമാർ, ബിനുലാൽ, അഹമ്മദ് കബീർ, ആർ. റീന, പി. ശ്രീജ, എസ്. ഗിരിജ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏഴിന് ചേർത്തല ജൂബിലിയുടെ 'അലാറം' എന്ന നാടകം.