പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാത കടന്ന് പോകുന്ന പുനലൂർ നഗര മദ്ധ്യത്തിലെ കല്ലടയാറിന് കുറുകേയുള്ള കോൺക്രീറ്റ് പാലത്തിന്റെ കാര്യത്തിൽ ആശങ്ക.
പാലത്തിൽ ആൽമരങ്ങൾ വളർന്നിറങ്ങുന്നതാണ് ഭീതി പടർത്തുന്നത്.ഇവ പാലത്തിന് ബലക്ഷയമുണ്ടാക്കുമോ എന്ന ആശങ്കയാണ് യാത്രക്കാർ. രണ്ട് വർഷം മുമ്പ് നടത്തിയ നവീകരണത്തിലെ അപാകതയെ തുടർന്നാണ് പല ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെട്ടതെന്ന ആരോപണവും ശക്തമാണ്.
നാൽപ്പത് വർഷം മുമ്പ് സമീപത്തെ തൂക്കു പാലത്തോട് ചേർന്നാണ് പുതിയ കോൺക്രീറ്റ് പാലം നിർമ്മിച്ചത്. ഇതിന്റെ കൈവരികളിലും ഉപരിതലത്തിലും വിള്ളലുണ്ടായതിനെ തുടർന്നാണ് നവീകരിച്ച് മോടി പിടിപ്പിച്ചത്. പാലം സ്ഥിതിചെയ്യുന്ന കോൺക്രീറ്റ് തൂണുകളിലെ സിമന്റ് ഇളകി മാറി കമ്പികൾ തെളിഞ്ഞതും മറ്റൊരു ഭീഷണിയാണ്. യാത്രക്കാരുടെ ആശങ്ക അകറ്റണമെന്നും ജനസാന്ദ്രതയേറിയ പുനലൂരിൽ പഴയ കോൺക്രീറ്റ് പാലത്തിന് പുറമേ മറ്റൊരു പാലം കൂടി നിർമ്മിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
പാലത്തിലൂടെ കടന്നു പോകുന്നത് നിരവധി വാഹനങ്ങൾ
അന്തർ സംസ്ഥാന കെ.എസ്.ആർ.ടി.സി ബസ് അടക്കം ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ പാലത്തിലൂടെയാണ് കടന്ന് പോകുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് അമിത ഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങൾ അടക്കമുളളവയും ഈ പാലം വഴിയാണ് കടന്ന് പോകുന്നത്. ഒരു സമയം രണ്ട് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്ന് പോകാവുന്ന തരത്തിലാണ് അന്ന് പാലം പണിതത്. പാലത്തിന് തകരാർ സംഭവിക്കുകയോ പാലത്തിൽ ഗതാഗത തടസങ്ങൾ ഉണ്ടാവുകയോ ചെയ്താൽ പത്തനാപുരം, ചെങ്കോട്ട, ഐക്കരക്കോണം, കൊല്ലം, അഞ്ചൽ തുടങ്ങിയ ടൗണിൽ നിന്ന് പുറപ്പെടുന്ന എല്ലാ റോഡുകളിലെയും ഗതാഗതം തടസപ്പെടും. ഇത് മനസിലാക്കിയ പ്രദേശവാസികൾ കല്ലടയാറിന് മദ്ധ്യേ ഒരു പാലം കൂടി പണിയണമെന്ന് ആവശ്യപ്പെട്ടിട്ട് പത്തു വർഷം പിന്നിടുന്നു.
പ്രതിഷേധം ശക്തം
നിലവിലെ പഴയ പാലം വേണ്ട വിധത്തിൽ സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിലവിൽ പാലത്തിലെ നടപ്പാതയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ കൂറ്റൻ പൈപ്പ് ലൈനുകൾ കാൽ നടയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. പാലത്തിന്റെ നവീകരണ വേളയിൽ പോലും പൈപ്പ് ലൈൻ താൽക്കാലികമായി മാറ്റി നൽകാൻ അധികൃതർ തയ്യാറായില്ല. ഇതാണ് പാലത്തിന് കീഴിലെ ബീമിൽ നിന്ന് ആൽ മരങ്ങളുടെ വേരുകൾ വളർന്നിറങ്ങാൻ മുഖ്യകാരണം.