കരുനാഗപ്പള്ളി : ആലപ്പാട് ഗ്രാമ പഞ്ചായത്തിനെ കരുനാഗപ്പള്ളിയുമായി ബന്ധിപ്പിച്ചുകൊണ്ട് ടി.എസ് കനാലിന് മുകളിലൂടെ നിർമ്മിച്ച കല്ലുംമൂട്ടിൽകടവ് പാലത്തിന്റെ കോൺക്രീറ്റ് പാളികളായി ഇളകി മാറുന്നു. 10 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പാലത്തിന്റെ കോൺക്രീറ്റാണ് രണ്ട് വർഷമായി ഇളകി മാറാൻ തുടങ്ങിയത്. പാലത്തിന്റെ ഉപരിതലത്തിലുള്ള കോൺക്രീറ്റ് ഇളകി മാറാൻ തുടങ്ങിയതോടെ ബന്ധപ്പെട്ട അധികൃതർ പാലത്തിന് മീതേ താൽക്കാലികമായി ടാറിംഗ് നടത്തിയെങ്കിലും കോൺക്രീറ്റിന്റെ തകരാറ് പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കരുനാഗപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തിൽ പലപ്പോഴും കോൺക്രീറ്റ് ഇളകി മാറുന്ന വിഷയം ചർച്ചയ്ക്ക് വന്നിട്ടുണ്ട്. പാലത്തിന്റെ നിർമ്മാണത്തിൽ വന്ന അപാകതയാണ് കോൺക്രീറ്റ് ഇളകി മാറാൻ കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. പാലത്തിന്റെ മുകൾ ഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്താൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
10 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച പാലത്തിന്റെ കോൺക്രീറ്റാണ് 2 വർഷമായി ഇളകി മാറാൻ തുടങ്ങിയത്
ഗതാഗതത്തിരക്ക്
രാത്രിയിൽ പാലത്തിലൂടെ കടന്ന് വരുന്ന വാഹങ്ങൾ പാലത്തിലെകുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. തീരപ്രദേശത്ത് ഏറ്റവും കൂടുതൽ ഗതാഗതത്തിരക്കുള്ള പാലമാണിത്. കൊല്ലം ഭാഗത്തു നിന്ന് കായംകുളം ഫിഷിംഗ് ഹാർബറിലേക്ക് വാഹനങ്ങൾ കടന്ന് പോകുന്നത് കല്ലുംമൂട്ടിൽ പാലം വഴിയാണ്.
പാലം നിർമ്മിച്ചത് സുനാമിയെ തുടർന്ന്
2004 ൽ നാടിനെ നടുക്കിയ സുനാമി ദുരന്തത്തെ തുടർന്നാണ് കല്ലുംമൂട്ടിൽകടവിൽ പാലം നിർമ്മാക്കാൻ സർക്കാർ തീരുമാനിച്ചത്. ദുരന്തത്തിൽ 140 ഓളം മനുഷ്യ ജീവനുകളാണ് സുനാമി തിരമാലകൾ കവർന്നത്. ടി.എസ്. കനാലിന് കുറുകേ പാലം ഉണ്ടായിരുന്നെങ്കിൽ സുനാമി തിരമാലകൾ ഇത്രയും മനുഷ്യ ജീവനുകൾ കവരുകയില്ലായിരുന്നു. ഇതേ തുടർന്നാണ് ആയിരംതെങ്ങിലും കല്ലുമൂട്ടിൽ കടവിലും സർക്കാർ പുതുതായി പാലങ്ങൾ നിർമ്മിച്ചത്. കല്ലുംമൂട്ടിൽകടവ് പാലത്തിലുണ്ടായിട്ടുള്ള കുഴികൾ അടിയന്തരമായി കോൺക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.