bus
അഞ്ചാലുംമൂട് ജംഗ്‌ഷനിൽ നിറുത്തിയിട്ടിരിക്കുന്ന ബസിനെ മറികടക്കുന്ന മറ്റൊരു ബസ്. ബസുകളുടെ ഇടയിലൂടെ അപകടകരമായി നടന്നു പോകുന്ന വിദ്യാർത്ഥികളെയും കാണാം

# അഞ്ചാലുംമൂട്ടിലെ ഗതാഗത സംവിധാനങ്ങൾ 35 വർഷം മുമ്പുള്ള രീതിയിലെന്ന് നാട്ടുകാർ

അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും വാഹനാപകടങ്ങൾ വർദ്ധിക്കുകയാണെന്നും യാത്രക്കാരുടെ പരാതി. കഴിഞ്ഞ മുപ്പത്തഞ്ച് വർഷത്തിനിടെ ഗതാഗത ക്രമീകരണത്തിലോ ബസ് സ്റ്റോപ്പുകളുടെ നവീകരണം നടത്തുന്നതിലോ അധികൃതർ യാതൊരു ശ്രദ്ധയും നൽകിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. അഞ്ചാലുംമൂട് ജംഗ്‌ഷനിൽ മൂന്ന് ബസ് സ്റ്റോപ്പുകളാണുള്ളത്. കൊല്ലം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് വളരെ വീതികുറഞ്ഞതും ഇടുങ്ങിയതുമായ സ്ഥലത്താണ്. ബസ് സ്റ്റോപ്പിന് മുന്നിൽ തന്നെയാണ് അഞ്ചാലുംമൂട് സ്‌കൂളിന്റെ പ്രധാന കവാടവും. അതുകൊണ്ടുതന്നെ രാവിലെയും വൈകിട്ടും വിദ്യാർത്ഥികളുടെ വലിയ തിരക്കാണ് ജംഗ്ഷനിൽ അനുഭവപ്പെടുന്നത്. നിറുത്തിയിടുന്ന ബസുകൾക്ക് മുമ്പിലൂടെ സ്‌കൂൾ കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നതും ഇവയുടെ വശങ്ങളിലൂടെ അപകടകരമായി നടന്നു പോകുന്നതും പതിവ് കാഴ്ച്ചയാണ്. നിറുത്തിയിടുന്ന ബസിനെ മറികടന്നെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് റോഡ് മുറിച്ച് കടക്കുന്ന കുട്ടികളെ കാണാനാകാത്തത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

അഞ്ചാലുംമൂടിന്റെ വികസനം:

കേരളകൗമുദി ഇടപെടുന്നു
ഗതാഗതത്തിരക്കിൽ വലയുന്ന അഞ്ചാലുംമൂടിന്റെ സമഗ്ര വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പുതിയ പദ്ധതികൾ നടപ്പാക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നതിനും ' കേരളകൗമുദി' മുൻകൈയെടുക്കുന്നു. അഞ്ചാലുംമൂടിന്റെ വികസന കാര്യത്തിൽ ആദ്യമായാണ് ഒരു ദിനപത്രം ഇത്തരത്തിൽ ഇടപെടൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി 8ന് രാവിലെ 10ന് അഞ്ചാലുംമൂട് വ്യാപാരി വ്യവസായി ഹാളിൽ കേരളകൗമുദിയുടെ നേതൃത്വത്തിൽ 'അഞ്ചാലുംമൂട് - വികസനവും പ്രതീക്ഷയും' എന്ന വിഷയത്തിൽ സെമിനാർ നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. മുകേഷ് എം.എൽ.എ, ഡെപ്യൂട്ടി മേയർ വിജയാഫ്രാൻസിസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഡി.എസ്. ബിജു,
കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, പൊലീസ്- ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരികൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, മോട്ടോർ വാഹന ഉടമകൾ, തൊഴിലാളികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിനും അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും വായനക്കാർക്കും അവസരമൊരുക്കും.

ഗതാഗതക്കുരുക്കിൽ 1. 1/2 കി.മീ

കടവൂർ ക്ഷേത്രം ജംഗ്‌ഷൻ മുതൽ അഞ്ചാലുംമൂട് വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സി.കെ.പി മാർക്കറ്റ്, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ പ്രവർത്തന സമയങ്ങളിൽ ഇവിടേക്കെത്തുന്നവരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും അഞ്ചാലുംമൂട് വിദേശ മദ്യശാലയുടെ മുന്നിലെ പാർക്കിംഗും ഗതാഗതകുരുക്ക് ഇരട്ടിപ്പിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

നാട്ടുകാരുടെ ആവശ്യങ്ങൾ

1. കടവൂർ മുതൽ അഞ്ചാലുംമൂട് വരെ വൺവേ സംവിധാനം ഏർപ്പെടുത്തുക

2. അഞ്ചാലുംമൂട്ടിൽ സ്റ്റേജ് കാരിയേജ് വാഹനങ്ങൾക്കായി പ്രത്യേക ഭാഗം മാറ്റിവയ്ക്കുക

3. ലോറി സ്റ്റാൻഡ് ജംഗ്‌ഷനിൽ നിന്ന് മാറ്റി മറ്റെവിടേക്കെങ്കിലും സ്ഥാപിക്കുക