punalur-
പുനലൂർ സോമരാജൻ

കൊല്ലം : ന്യൂഡൽഹി ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്‌​സ് ഫൗണ്ടേഷൻസ് (എച്ച്.ആർ.എഫ്) ഏർപ്പെടുത്തിയ 2019 ലെ മാനവമിത്ര അവാർഡിന് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അർഹനായി. മനുഷ്യാവകാശത്തിനും സമാധാനത്തിനും നീതിക്കും പ്രകൃതിക്കും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന എച്ച്.ആർ.എഫ് രാജ്യത്ത് പാവപ്പെട്ടവരുടെ ക്ഷേമത്തിന് മികച്ച സാമൂഹിക പങ്കാളിത്തം വഹിച്ചതിനാണ് ഡോ. പുനലൂർ സോമരാജനെ തിരഞ്ഞെടുത്തത്.
ഡിസംബർ 8ന് രണ്ടു മണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്റർ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, കേരള ലോകായുക്തയും ദേശീയ മനുഷ്യാവകാശ കമ്മിഷൻ മുൻ ആക്ടിങ് ചെയർമാനുമായ ജസ്റ്റിസ് സിറിയക് ജോസഫ്, എച്ച്.ആർ.എഫ് മുഖ്യരക്ഷാധികാരി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, രക്ഷാധികാരി ജസ്റ്റിസ് കെ.പി. ബാലചന്ദ്രൻ, സംസ്ഥാന പൊലീസ് പരാതി അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ് എന്നിവർ പങ്കെടുക്കും.