# പതിവിന് വിരുദ്ധമായി സംസ്ഥാന നേതൃത്വം തീരുമാനിക്കും
# പാനൽ തയ്യാറാക്കും
കൊല്ലം: സി.പി.ഐയിൽ നിന്ന് പുതിയ മേയറെ തിരഞ്ഞെടുക്കുന്നത് എളുപ്പമാകില്ലെന്ന് സൂചന നൽകി പാർട്ടി ജില്ലാ എക്സിക്യൂട്ടീവിൽ തർക്കം രൂക്ഷമായി. മുൻ കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ച് പാർട്ടി സംസ്ഥാന നേതൃത്വമാകും പുതിയ മേയർ ആരെന്ന് നിശ്ചയിക്കുക. ഈ മാസം 16 ന് മേയർ തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. തിങ്കളാഴ്ച ചേർന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിലാണ് പുതിയ മേയറെ നിശ്ചയിക്കുന്നത് സംബന്ധിച്ച് രൂക്ഷമായ തർക്കം അരങ്ങേറിയത്. മുൻ കാലങ്ങളിൽ മേയറെ നിശ്ചയിച്ചിരുന്നത് പാർട്ടി ജില്ലാ എക്സിക്യൂട്ടീവിലായിരുന്നു. എന്നാൽ ഇക്കുറി സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും അതിനായി മേയറാക്കാൻ സാദ്ധ്യതയുള്ളവരുടെ പാനൽ സംസ്ഥാന കമ്മിറ്റിക്ക് അയച്ചുകൊടുക്കണമെന്ന നിർദ്ദേശമാണ് ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷമായ വിമർശനങ്ങൾക്കും ഭിന്നതയ്ക്കും ഇടയാക്കിയത്. യോഗത്തിൽ പങ്കെടുത്ത 17 പേരിൽ 5 പേരൊഴികെ മറ്റെല്ലാവരും മേയറെ ജില്ലാ എക്സിക്യൂട്ടീവിൽ തന്നെ തീരുമാനിക്കണമെന്ന നിലപാടിലായിരുന്നു. തൃശൂർ കോർപ്പറേഷനിലും ഈ രീതിയാണ് അവലംബിച്ചതെന്നും സദുദ്ദേശത്തോടെയുള്ളതല്ല ഈ നീക്കമെന്നും ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടി. അഞ്ചാലുംമൂട്, കൊല്ലം മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ളവരുടെ പാനൽ തയ്യാറാക്കി ജില്ലാ എക്സിക്യൂട്ടീവിൽ ചർച്ചചെയ്ത ശേഷം സംസ്ഥാന കമ്മിറ്റിക്ക് അയച്ചുകൊടുക്കാനാണ് മുകളിൽ നിന്നുള്ള നിർദ്ദേശം. പാനലിൽ നിന്ന് സംസ്ഥാന നേതൃത്വം പുതിയ മേയർ ആരെന്ന് നിശ്ചയിച്ച് ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകും.
ജില്ലാ എക്സിക്യൂട്ടീവിൽ ആണ് തീരുമാനം കൈക്കൊള്ളുന്നതെങ്കിൽ മേയറായി തിരഞ്ഞെടുക്കപ്പെടാൻ ഏറെ സാദ്ധ്യത കല്പിക്കപ്പെടുന്നയാളിനെ അട്ടിമറിയ്ക്കാൻ സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ ഒത്താശയോടെ ജില്ലാ കമ്മിറ്റിയിലെ ചിലർ നടത്തുന്ന നീക്കമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് കാരണമെന്നാണ് സൂചന. പാർട്ടി ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടവരാണ് ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിലെന്നും സൂചനയുണ്ട്. സംസ്ഥാന നേതൃത്വം നിശ്ചയിക്കുന്നയാളെ മേയറാക്കുന്നത് സംബന്ധിച്ച് ജില്ലാ കമ്മിറ്റിയിൽ തർക്കം രൂക്ഷമാകാനുള്ള സാദ്ധ്യതയുമുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഇനി മേയർ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മാത്രമേ കൊല്ലത്തെത്തുകയുള്ളു. അതിനാൽ മേയറെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച കരുനീക്കങ്ങൾ ഇനി സംസ്ഥാന കമ്മിറ്റിയിലാകും നടക്കുക.
മേയർ തിരഞ്ഞെടുപ്പ് 16 ന് ,
യു.ഡി.എഫ് മത്സരിക്കും
കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് 16 ന് രാവിലെ 11 ന് കൗൺസിൽ ഹാളിൽ നടക്കും. കൗൺസിലിൽ എൽ.ഡി.എഫിന് മൃഗീയ ഭൂരിപക്ഷം ഉണ്ടെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്തുമെന്നതിനാൽ മത്സരം ഉണ്ടാകും. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എ.കെ ഹഫീസ് ആകും യു.ഡി.എഫ് സ്ഥാനാർത്ഥി.