കൊല്ലം: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനവുമായി പാരിപ്പള്ളി അമൃതയിലെ വിദ്യാർത്ഥികൾ. 15 ഇനങ്ങളിലായി പങ്കെടുത്ത 84 കുട്ടികളും എ ഗ്രേഡ് നേടിയാണ് സ്കൂളിന്റെ യശസുയർത്തിയത്. പഞ്ചവാദ്യം, മദ്ദളം, പൂരക്കളി, കൂടിയാട്ടം, യക്ഷഗാനം തുടങ്ങിയവയിലും നാടൻപാട്ട്, വന്ദേമാതരം, സംസ്കൃത പ്രഭാഷണം, ഉപന്യാസ രചന, സമസ്യാപൂരണം, ലളിതഗാനം, ഗാനാലാപനം എന്നിവയിലും മികച്ച പ്രകടനമാണ് അമൃത സ്കൂൾ കാഴ്ച്ച വെച്ചത്. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രമാണ പത്രങ്ങളും വ്യക്തിഗത ട്രോഫികളും ലഭിച്ചു. തുടർച്ചയായി ഇരുപതാമത്തെ വർഷമാണ് കലോത്സവത്തിൽ അനുഷ്ഠാന കലകളിൽ അമൃത മാറ്റുരയ്ക്കുന്നത്. അനുഷ്ഠാന കലകൾ അഭ്യസിക്കുന്നതിനായി മാതാ അമൃതാനന്ദമയിയുടെ നിർദ്ദേശപ്രകാരം അമൃത കലാക്ഷേത്രം എന്ന സ്ഥാപനം സ്കൂളിൽ പ്രവർത്തിച്ച് വരുകയാണ്. പ്രശസ്തരായ പഞ്ചവാദ്യ, കൂടിയാട്ട, പൂരക്കളി, യക്ഷഗാന ആചാര്യന്മാരാണ് കുട്ടികളെ അഭ്യസിപ്പിക്കുന്നത്.