കൊല്ലം : പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നത് മനുഷ്യന്റെ അനാവശ്യ ഇടപെടൽ മൂലമാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കലക്ടറേറ്റിൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ആരംഭിച്ച നവീകരിച്ച അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം, സ്റ്റുഡന്റ്സ് റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്, പട്ടികവിഭാഗ യുവാക്കൾക്കുള്ള ദുരന്തനിവാരണ പരിശീലനം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളം വലിയ പ്രളയത്തിനാണ് 2018ൽ സാക്ഷിയായത്.
ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന ദുരന്ത നിവാരണ സംവിധാനത്തെ ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചത്. എല്ലാ തുറകളിലെയും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയാൽ മാത്രമേ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സാധിക്കൂ. കൃത്യമായ പരിശീലനവും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ ആവിഷ്കരിക്കുന്ന പദ്ധതികൾ പൊതുജനങ്ങൾ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എം നൗഷാദ് എം. എൽ. എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, മേയറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, ജില്ലാ കളക് ടർ ബി. അബ് ദുൽ നാസർ, സിറ്റി പൊലീസ് കമ്മിഷണർ പി. കെ മധു, സബ് കളക്ടർ അനുപം മിശ്ര, റൂറൽ എസ് .പി ഹരിശങ്കർ, എ. ഡി. എം. പി.ആർ.ഗോപാലകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. അജോയ്, ആർ. ടി. ഒ വി.സജിത്, ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.