കൊല്ലം: പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം കൊല്ലം ഡിവിഷൻ ഓഫീസിൽ കരാറുകാരുടെ ബില്ലുകൾ ഓൺലൈനായി ചേർക്കുന്നതിൽ തിരിമറി നടത്തിയ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്യാനും ഉത്തരവാദികളായ മറ്റുള്ളവരിൽ നിന്നും വിശദീകരണം തേടാനും മന്ത്രി ജി.സുധാകരൻ നിർദ്ദേശം നല്‍കി. ഡിവിഷണൽ അക്കൗണ്ടന്റ് പ്രദീപ്കുമാർ, പൊതുമരാമത്ത് വകുപ്പിലെ സീനിയർ ക്ലർക്ക് ശ്രീരാഗ് എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചത്.
കരാറുകാരുടെ ബില്ലുകൾ ഓൺലൈൻ വഴി സമർപ്പിക്കുന്നതിന്റെ സീനിയോറിറ്റി കണക്കാക്കിയാണ് മാറി നൽകികൊണ്ടിരിക്കുന്നത്. എന്നാൽ ചില കരാറുകാരിൽ നിന്നും പണം കൈപ്പറ്റി വ്യാജ ഐ.ഡി നമ്പറുകൾ ഉപയോഗിച്ച് ബില്ലുകൾ നേരത്തെ സമർപ്പിച്ചതായി രേഖ ഉണ്ടാക്കിയതാണ് നടപടിക്ക് ഇടയാക്കിയത്. കരാറുകാരുടെ ബില്ലുകൾ തയ്യാറാക്കി നൽകുന്നതിലും, പരിശോധിച്ച് ഓൺലൈനായി സമർപ്പിക്കുന്നതിലും വീഴ്ചയും കാലതാമസവും നടക്കുന്നതായി വ്യാപകമായി പരാതി ഉണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തിനു നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. ഓരോ ജില്ലയിലും പ്രത്യേക ടീമുകളായി റോഡുകൾ, പാലങ്ങൾ, കെട്ടിടം, ദേശീയപാത വിഭാഗങ്ങളിൽ പ്രത്യേക പരിശോധന നടത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ് നല്‍കിയിട്ടുണ്ട്. കുറ്റം കണ്ടെത്തിയാൽ കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.