പരവൂർ: കാലങ്ങളായി യാത്രക്കാരെ വലയ്ക്കുന്ന പരവൂർ ജംഗ്ഷനിലെ ഗതാഗതകുരുക്ക് കീറാമുട്ടിയായി തുടരുന്നു. അനധികൃത പാർക്കിംഗും അശാസ്ത്രീയ ട്രാഫിക് ഐലൻഡും ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് പരവൂർ ജംഗ്ഷനിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നത്. അതേസമയം പരിഹാരം കാണേണ്ട അധികൃതർ പരവൂരിനെ കൈയൊഴിഞ്ഞെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഗതാഗതകുരുക്കിന് പരിഹാരം കാണാനായി വർഷങ്ങൾക്ക് മുമ്പ് പരവൂർ പൊലീസ് നാട്പാക്കിനെ (നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ളാനിംഗ് ആൻഡ് റിസർച്ച് സെന്റർ) സമീപിച്ചിരുന്നു. ആവശ്യം അംഗീകരിച്ച നാട്പാക് അധികൃതർ വിദഗ്ദ്ധരെ അയച്ച് റിപ്പോർട്ട് തയ്യാറാക്കാമെന്ന് അന്ന് ഉറപ്പ് നൽകിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരവൂർ ജംഗ്ഷനിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥരും വാക്കുനൽകി. പിന്നീട് നാട്പാക് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും തുടർനടപടികൾ മാത്രം ഉണ്ടായില്ല.
പരവൂരിനെ കുരുക്കുന്നത്
പരവൂർ ജംഗ്ഷനെ ഗതാഗത കുരുക്കിൽ വലയ്ക്കുന്നതിന് പ്രധാന കാരണം അനധികൃത പാർക്കിംഗ് ആണ്. പാർക്കിംഗിന് പ്രത്യേക സ്ഥലമില്ലാത്തതിനാൽ വാഹനങ്ങൾ തോന്നിയപടിയാണ് ജംഗ്ഷനിൽ അങ്ങോളമിങ്ങോളം പാർക്ക് ചെയ്യുന്നത്. ഇത് നിയന്ത്രിക്കുന്നതിനായി പരവൂർ പൊലീസ് പാർക്കിംഗ് സ്ഥലങ്ങൾ കോണുകൾ ഉപയോഗിച്ച് പ്രത്യേകം മാർക്ക് ചെയ്‌തെങ്കിലും പല കോണുകളും പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു.
ഇതിന് പുറമെ ജംഗ്ഷനിൽ അശാസ്ത്രീയമായി സ്ഥിതി ചെയ്യുന്ന ട്രാഫിക് ഐലൻഡാണ് മറ്റൊരു പ്രശ്നം. ഐലൻഡിന്റെ വിസ്‌തൃതി കുറച്ചാൽ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കൂടുതൽ സ്ഥലം ലഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
പരവൂർ ജംഗ്ഷനിലും നഗരസഭ ബസ് സ്റ്റാൻഡിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്കും പരവൂർ ജംഗ്ഷനിലെ ഗതാഗതകുരുക്കിൽ പങ്കുണ്ട്. ഇവ മാറ്രി സ്ഥാപിക്കണമെന്നുള്ളത് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്. അതോടൊപ്പം വികസനത്തിന് വിലങ്ങുതടിയായി ജംഗ്ഷനിൽ ട്രാഫിക് സർക്കിളിന് സമീപത്ത് പൊളിഞ്ഞുകിടക്കുന്ന ഒറ്റമുറിക്കടയുടെ അവശിഷ്ടങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്.
നഗരസഭ ഇടപെടണം
പതിനായിരകണക്കിന് യാത്രക്കാരാണ് ദിവസവും പരവൂർ ജംഗ്ഷനിലൂടെ കടന്നുപോകുന്നത്. ഇവിടത്തെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ നഗരസഭ അടിയന്തരമായി ഇടപെടണം. ജംഗ്ഷനിലെ ട്രാഫിക് ഐലൻഡിന്റെ വിസ്തൃതി കുറയ്ക്കുകയും വികസനത്തിന് തടസമായി നിൽക്കുന്നതും പൊളിഞ്ഞു കിടക്കുന്നതുമായ ഒറ്റമുറികടയുടെ തുരുമ്പെടുത്ത ഷട്ടറുകളും ഉപയോഗശൂന്യമായ ഉപകരണങ്ങളും എടുത്തുമാറ്റുകയും വേണം.
പരവൂർ മോഹൻദാസ് (പ്രസിഡന്റ്, കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റി)