bdjs

കൊല്ലം: ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ ഉറച്ചു നിൽക്കുമെന്നും , മറ്റൊരു മുന്നണിയിലേക്ക് പോകുമെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ബി.ഡി.ജെ.എസിന്റെ നാലാം ജന്മദിന സമ്മേളനം കൊല്ലം സി.കേശവൻ സ്മാരക ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ പ്രവർത്തകരാണ് പങ്കെടുത്തത്.

വരുന്ന തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾ എൻ.ഡി.എ ഒറ്റക്കെട്ടായി നേരിടും. തദ്ദേശ തിര‌ഞ്ഞെടുപ്പ് കഴിയുമ്പോൾ സംസ്ഥാനത്ത് ബി.ഡി.ജെ.എസിന് ആയിരക്കണക്കിന് ജനപ്രതിനിധികളുണ്ടാകും. ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പ്രത്യേക വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ട് ബി.ഡി.ജെ.എസിനെ ചിലർ ജാതി പാർട്ടിയായി മുദ്ര കുത്തുകയാണ്. യു.ഡി.എഫും എൽ.ഡി.എഫുമാണ് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. രണ്ട് കൂട്ടരും ഇടതും വലതുമായി ജാതി പാർട്ടികളെ കൂടെ നിറുത്തിയിട്ടുണ്ട്.നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഏറ്റവുമധികം വളർച്ചയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണെന്നും തുഷാർ പറഞ്ഞു.ആർ.എൽ.ജെ.പി എന്ന പാർട്ടിയുടെ കേരള ഘടകം ബി.ഡി.ജെ.എസിൽ ലയിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് സതീഷ് ചന്ദ്രൻ അടക്കമുള്ള പ്രധാന പ്രവർത്തകർക്ക് തുഷാർ വെള്ളാപ്പള്ളി മെമ്പർഷിപ്പ് നൽകി.

ബി.ഡി.ജെ.എസും ബി.ജെ.പിയും രാമലക്ഷ്മണന്മാരെ പോലെ തിരഞ്ഞെടുപ്പുകളെ നേരിടുമെന്ന് വിശിഷ്ടാതിഥിയായിരുന്ന ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഇതുവരെ ആരും ഉന്നയിക്കാതിരുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഉയർത്തുന്നത് കൊണ്ടാണ് എൽ.ഡിഎഫും യു.ഡി.എഫും ബി.ഡി.ജെ.എസിനെ എതിർക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു.ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എ.വി ആനന്ദ്‌രാജ് സംഘടനാ സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ തഴവ സഹദേവൻ, സോമശേഖരൻ നായർ, ജനറൽ സെക്രട്ടറി രാജേഷ് നെടുമങ്ങാട്, സെക്രട്ടറിമാരായ പരുത്തിപ്പള്ളി സുരേന്ദ്രൻ, ആലുവിള അജിത്ത്, ടി.എൻ. സുരേഷ്, മലയിൻകീഴ് രാജേഷ്, എൻ. വിനയചന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്നു. കൊല്ലം ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ സ്വാഗതവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അജി.എസ്.ആർ.എം നന്ദിയും പറഞ്ഞു.