മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ
കൊല്ലം: ചുറുചുറുക്കോടെ ഓടിനടക്കേണ്ട പ്രായത്തിൽ രോഗക്കിടക്കയിലായതിന്റെ വേദനയേക്കാളേറെ തന്റെ ചികിത്സാ ചെലവിനായി ഓടിനടക്കുന്ന അച്ഛന്റെയും അമ്മയുടെയും ദൈന്യ മുഖമാണ് അനന്ദുവിനെ ഏറെ വേദനിപ്പിക്കുന്നത്. കൊല്ലം, തൃക്കരുവ താലൂക്കിൽ പ്രാക്കുളം ചേരിയിൽ മാമ്പുഴ പടിഞ്ഞാറ്റതിൽ വീട്ടിൽ ബാലചന്ദ്രന്റെയും വത്സലയുടെയും രണ്ടാൺമക്കളിൽ ഇളയവനാണ് അനന്ദു.
2016ൽ അനന്ദുവിന്റെ കക്ഷത്തിലും കഴുത്തിലും പ്രത്യക്ഷപ്പെട്ട നാല് മുഴകളിലൂടെയാണ് കാൻസറിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ തുടങ്ങി. കീമോതെറാപ്പി, സർജറികൾ, റേഡിയേഷനുകൾ, അങ്ങനെ കാൻസറിനെ തുരത്താനുള്ള ചികിത്സാവഴികളെല്ലാം പലവട്ടം നടത്തി. ഇപ്പോഴും ആർ.സി.സിയിൽ ചികിത്സയിലാണ്. രോഗാവസ്ഥ വളരെ മോശമായപ്പോൾ അനന്ദുവിന്റെ മജ്ജമാറ്റിവയ്ക്കണമെന്ന് നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
ഏകദേശം എട്ട് ലക്ഷം രൂപ ചെലവ് വരും. നാലുവർഷമായി തുടരുന്ന ചികിത്സയ്ക്കായി ഒരുപാട് കാശായി. കെട്ടിടംപണിയുന്ന മേശിരിമാരുടെ ഹെൽപ്പറായി പോകുന്ന തൊഴിലാണ് ബാലചന്ദ്രന്. ആ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. മകനെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതുകൊണ്ട് പലപ്പോഴും ജോലിക്ക് പോകാൻ ബാലചന്ദ്രന് കഴിയാറില്ല. മൂത്തമകൻ വിവാഹം കഴിച്ച് വേറെയാണ് താമസം. അനന്ദുവിന്റെ അമ്മയ്ക്കും തൊഴിലൊന്നുമില്ല.
പട്ടികജാതിക്കാരായ രക്ഷിതാക്കൾക്ക് അനന്ദുവിന്റെ ചികിത്സയ്ക്കായി എട്ടുലക്ഷം രൂപ കണ്ടെത്താൻ ഒരുവഴിയും മുന്നിലില്ല. രോഗമുക്തനായി അനന്ദു തിരികെയെത്തുന്നതാണ് ഈ കുടുംബത്തിന്റെ ഏറ്റവും വലിയ സ്വപ്നം. സഹായനിധിക്കായി ഫെഡറൽ ബാങ്കിന്റെ തൃക്കടവൂർ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 17610100067607. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001761. ഫോൺ: 9605858366.