pho
ചെന്നായ്ക്കളുടെ അക്രമണത്തിൽ പരിക്കേറ്റ മ്ലാവിൻ കുട്ടിയെ പുനലൂർ മൃഗാശുപത്രിയിൽ ചികിത്സക്ക് എത്തിച്ചപ്പോൾ

പുനലൂർ: പത്തനാപുരം ഫോറസ്റ്റ് റെയ്ഞ്ചിലെ വനത്തിൽ ചെന്നായ്ക്കൾ അക്രമിച്ച രണ്ട് വയസുളള മ്ലാവിൻ കുട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ സുഖം പ്രാപിച്ചു വരുന്നു. ഒരാഴ്ച മുമ്പ് മുള്ളുമലയിലെ സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന് സമീപത്തെ വനത്തിൽ വച്ചാണ് മ്ലാവിനെ അക്രമിച്ചത്. കാലിനും, കഴുത്തിനും പരിക്കേറ്റ് അവശനായി സമീപത്തെ തോട്ടിൽ എത്തിയ മ്ലാവിനെ നാട്ടുകാരാണ് കണ്ടത്. അമ്പനാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ചാഫീസർ ദിലീപിന്റെ നേതൃത്വത്തിൽ വനപാലകർ മ്ലാവിൻ കുട്ടിയെ കറവൂർ മൃഗാശുപത്രിയിൽ എത്തിച്ചു. തുടർന്ന് അമ്പനാർ ഫോറസ്റ്റ് സ്റ്റേഷനിൽ വനപാലകരുടെ പരിചരണയിൽ കഴിയുകയായിരുന്നു. രണ്ട് ദിവസമായി പനിയും ക്ഷീണവും അനുഭവപ്പെട്ട മ്ലാവിനെ ഇന്നലെ പുനലൂർ മൃഗാശുപത്രിൽ ചികിത്സക്കായി എത്തിച്ചു. ട്രിപ്പും മരുന്നും നൽകി ക്ഷീണം മാറ്റിയശേഷം സ്റ്റേഷനിലേക്ക് മടക്കികൊണ്ടുപോയി. പൂർണ്ണ ആരോഗ്യവാനായ ശേഷം വനത്തിലോ, ഒറ്റക്കൽ മാൻ പാർക്കിലെ മ്ലാവിനെ എത്തിക്കാനാണ് ആലോചിക്കുന്നതെന്ന് ഡെപ്യൂട്ടി റെയ്ഞ്ചാഫീസർ പറഞ്ഞു.