medical
ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘം

കൊട്ടാരക്കര: കുടലിൽ അർബുദം ബാധിച്ച വയോധികയ്ക്ക് ഏഴ് മണിക്കുർ നീണ്ടു നിന്ന സങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുതുജീവിതം നൽകി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നത്. വൻ കുടലിൽ അർബുദം ബാധിച്ച് ജീവിതത്തിന്റെ പ്രതീക്ഷ നഷ്ടപ്പെട്ട കൊട്ടാരക്കര മേലില സ്വദേശിനിയായ എൺപത്താറുകാരിയായ വയോധികയ്ക്ക് പുതു ജീവിതം നൽകുകയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രി .കഴിഞ്ഞ കുറച്ചു കാലമായി മലശോധ പൂർണ്ണമായും തടസ്സപ്പെടുകയും അമിത രക്തശ്രാവം ഉണ്ടാകുകയും ചെയ്യുന്ന രോഗം മൂലം വലിയ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു വയോധിക . പല സ്വകാര്യ ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വൻ കുടലിൽ അർബുദം വളർന്നു വ്യാപിക്കുകയാണെന്ന് ഡോകടർമാർ കണ്ടെത്തിയെങ്കിലും പ്രമേഹവും ഹൃദയസംബന്ധമായ അസുഖവും പ്രായാധിക്യവും ചികിത്സയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനിടയാണ് വയോധികയെ ബന്ധുക്കൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ.ജി വിനുവിനെ കണ്ട് പരിശോധന നടത്തുന്നത്.
ശസ്ത്രക്രിയ നടത്തിയാൽ ആശ്വാസം ലഭിക്കുമെന്ന് ഡോക്ടർ ഉറപ്പ് നൽകിയതോടെ ബന്ധുക്കൾ സമ്മതിക്കുകയായിരുന്നു.
അർബുദം ബാധിച്ച വൻ കുടലിന്റെ വലിയ ഭാഗവും ഗർഭാശയവും ഗർഭ നാളിയും അണ്ഡാശയങ്ങളും മുഴുവനായും നീക്കം ചെയ്തു.
കൺസൾട്ടന്റ് സർജൻ ഡോ. ജി.വിനു ,സർജൻ ഡോ. സുബി, ഗൈനക്കോളജിസ്റ്റ് ഡോ.റീന, നഴ്സുമാരായ ലിസിയാമ്മ ,റീജ, ജെസ്സി, പ്രീത എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവു വരുന്ന ശസ്ത്രക്രിയയാണ് വളരെ ചുരുങ്ങിയ ചെലവിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്നതെന്നും കൊല്ലം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കൊട്ടാരക്കരയിലാണ് ആദ്യമായി ഇത്രയും സങ്കീർണ്ണമായ ശസ്ത്രക്രിയ നടന്നതെന്നും ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ കുമാർ പറഞ്ഞു.