caught

കൊല്ലം: ചെക്ക് പോസ്റ്റുകളിൽ അയ്യപ്പന്മാരുടെ വാഹനങ്ങളിൽ നിന്നുപോലും 'പടി"വാങ്ങിയ ഉദ്യോഗസ്ഥരെ വിജിലൻസ് സംഘം കുടുക്കിയത് അയ്യപ്പന്മാരുടെ വേഷത്തിലെത്തി. ആര്യങ്കാവ് മോട്ടോർ വാഹന വകുപ്പിന്റെയും, എക്‌സൈസിന്റെയും ചെക്ക് പോസ്റ്റുകളിൽ ബുധനാഴ്ച വൈകുന്നേരം നടത്തിയ മിന്നൽ പരിശോധനയിൽ അയ്യപ്പന്മാരുടെ വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നു പോലും പടിവാങ്ങിയ 16,960 രൂപയാണ് കണ്ടെടുത്തത്. തമിഴ്‌നാട്ടിൽ നിന്ന് അമിതഭാരം കയറ്റി വരുന്ന ചരക്കുവാഹനങ്ങൾ പരിശോധിക്കാതെ പടി വാങ്ങി കടത്തി വിടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. തമിഴ് നാട്ടിൽ നിന്ന് ശബരിമലയ്ക്ക് പോകുന്ന വാഹനങ്ങളിൽ നിന്നും 'പടി" പറ്റുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് വിജിലൻസ് സംഘം അയ്യപ്പന്മാരുടെ വേഷത്തിൽ ചെക്ക് പോസ്റ്റും പരിസരവും നിരീഷണം നടത്തിയ ശേഷമായിരുന്നു പരിശോധന.

വിജിലൻസ് ദക്ഷിണമേഖലാ സൂപ്രണ്ട് ആർ. ജയശങ്കറിന്റെ നിർദ്ദേശ പ്രകാരം കൊല്ലം വിജിലൻസ് ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട് കെ. അശോകകുമാർ, ഇൻസ്‌പെക്ടർമാരായ വി. ആർ. രവികുമാർ, അജയനാഥ്, എം. എം. ജോസ്, അൽജബാർ, വി.പി സുധീഷ്, പുനലൂർ എംപ്ലോയ്മെന്റ് ഓഫീസർ ജോസഫ് ഡെന്നിസൺ, പുനലൂർ താലൂക്ക് സപ്ലൈ ഓഫീസർ ജോൺ തോമസ് എന്നിവരടങ്ങുന്ന ടീമാണ് പരിശോധന നടത്തിയത്.

കണ്ടെത്തിയ ക്രമക്കേടുകൾ

# അമിതഭാരം കയറ്റിയ വാഹനങ്ങളുടെ തൂക്കം പരിശോധിക്കാതെ വെയിംഗ് മെഷീൻ തകരാറിലെന്ന് പറഞ്ഞ് 'പടി' വാങ്ങും.

# അമിതഭാരം കയറ്റിയ വാഹനങ്ങൾ പരിശോധിക്കാതെ വിടും.

# രാത്രിയിൽ ചെക്ക് പോസ്റ്റിന് മുൻവശത്തെ ലൈറ്റ് പ്രകാശിപ്പിക്കാതെ ഇരുട്ടിന്റെ മറവിൽ ക്രമക്കേടുകൾ നടത്തും.
# എക്‌സൈസ് ചെക്ക് പോസ്റ്റിൽ വിജിലൻസ് സംഘം എത്തിയപ്പോൾ ഒരു ഉദ്യോഗസ്ഥൻ 760 രൂപ ചുരുട്ടി എറിഞ്ഞു. എറിഞ്ഞ ഉദ്യോഗസ്ഥനെക്കൊണ്ട് തന്നെ തിരികെ എടുപ്പിച്ചു.

# പരിശോധന നടന്ന സമയത്ത് പരിശോധനയ്ക്കായി നിർത്തിയ വാഹനത്തിന്റെ ഡ്രൈവർ ഹാജരാക്കിയ റിക്കാർഡുകൾക്കൊപ്പം പണവും വച്ചു കൊടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.

# ഇതേക്കുറിച്ച് ഡ്രൈവറോട് ചോദിച്ചപ്പോൾ അത് പതിവാണെന്ന് പറഞ്ഞു.
# മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ ഡ്യുട്ടിക്കെത്തുന്ന ചില ഉദ്യോഗസ്ഥർ ഏജന്റുമാരുമായാണ് ചെക്ക്‌പോസ്റ്റുകളിൽ ഡ്യുട്ടിക്കെത്തുന്നത്.

# കിട്ടുന്ന പണം ഈ ഏജന്റിന്റെ കൈവശം കൊടുത്തു സ്ഥലത്ത് നിന്ന് മാറ്റും

# ഒരു ഡ്യൂട്ടി കഴിയുമ്പോഴേക്കും നല്ലൊരു തുക ആർ. റ്റി. ചെക്ക് പോസ്റ്റിൽ 'പടി' ആയി ലഭിക്കും.

# അതിൽ ഒരു വിഹിതം ഏജന്റിനുള്ളതാണ്.

# അമിതഭാരം കയറ്റി വരുന്ന ടോറസ് വാഹനങ്ങൾ വെയിംഗ് മെഷീനിൽ തൂക്കി നോക്കാറില്ല, ഫൈൻ ഈടാക്കുകയുമില്ല.

# എക്‌സൈസിന്റെ ചെക്ക് പോസ്റ്റിൽ കൂടെക്കൂടെ 'പടി' ആയി ലഭിക്കുന്ന പണം ദൂരെ എവിടെയെങ്കിലും പാർക്ക് ചെയ്ത വാഹനങ്ങളിലോ, ഇരുചക്രവാഹനങ്ങളിലേക്കോ, താമസിക്കുന്ന റൂമുകളിലേക്കോ മാറ്റും.


'ചെക്ക് പോസ്റ്റുകളിൽ ആർ. റ്റി. ഒ ഉദ്യോഗസ്ഥരെ സഹായിക്കാനെത്തുന്ന സ്വകാര്യ ഏജന്റുമാരെക്കുറിച്ചും, ചെക്ക് പോസ്റ്റുകളിൽ 'പടി' ആയി ലഭിക്കുന്ന പണം കൂടെക്കുടെ മാറ്റുന്ന സ്ഥലത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്തും. ചെക്ക് പോസ്റ്റിലെ പരിശോധന തുടർദിവസങ്ങളിലും ഉണ്ടാകും"

കെ. അശോകകുമാർ,

ഡിവൈ. എസ്. പി,

വിജിലൻസ്