കൊല്ലം: വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവർ ഉറങ്ങിയാൽ യാത്രക്കാരുടെ ജീവന് പോലും ഹാനിയുണ്ടാകാം. ഇത്തരത്തിൽ ദീർഘദൂര യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയത് മൂലമുണ്ടായ അപകടങ്ങൾ നിരവധിയാണ്. ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കൊല്ലം ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ളിക് സ്കൂളിലെ കുട്ടി ശാസ്ത്രജ്ഞർ.
എട്ടാം ക്ളാസ് വിദ്യാർത്ഥികളായ സാമുവേൽ വിക്ടർ, കാർത്തിക് എം. രാജ് എന്നിവരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിലെ ശാസ്ത്ര പ്രതിഭകൾ. യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയാൽ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിൽ നിന്ന് അലാറാം മുഴങ്ങുകുയം മുന്നിലും പിന്നിലുമായുള്ള വാഹനങ്ങൾക്ക് മുന്നറിയിപ്പും നൽകും. സംസ്ഥാന സി.ബി.എസ്.ഇ ശാസ്ത്രമേളയിലാണ് ഇവർ തങ്ങളുടെ ഉപകരണം പ്രദർശനത്തിനെത്തിച്ചത്. മത്സരത്തിൽ ഉളിയക്കോവിൽ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം പബിക് സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ദേശീയതല ശാസ്ത്രോത്സവത്തിലേക്കും ഇവർ തിരഞ്ഞെടുക്കപ്പെട്ടു.
ജനുവരിയിൽ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ ജില്ലയിൽ നിന്ന് പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സി.ബി.എസ്.ഇ സ്കൂളാണ് ഉളിയക്കോവിൽ സെന്റ് മേരീസ് പബ്ളിക് സ്കൂൾ. സംസ്ഥാന ശാസ്ത്രമേളയിൽ റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം സംഭരിക്കാനും വേർതിരിക്കാനുമുള്ള ഉപകരണവും സ്കൂളിലെ കുട്ടികൾ പ്രദർശിപ്പിച്ചിരുന്നു.