oda
പുനലൂർ ടി.ബി ജംഗ്ഷനിലെ ശബരിമല ഇടത്താവളത്തോട് ചേർന്ന ഓടയിൽ കെട്ടി നിൽക്കുന്ന മലിന ജലം

പുനലൂർ: പുനലൂർ ടി.ബി ജംഗ്ഷനിലെ ശബരിമല ഇടത്താവളത്തോട് ചേർന്നുള്ള ഓടയിൽ മലിന ജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത് സമീപവാസികളെയും യാത്രക്കാരെയും വലയ്ക്കുന്നു. സമീപത്തെ പൈപ്പ് ലൈനിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും മറ്റ് മാലിന്യങ്ങളും ഓടയിൽ കെട്ടി നിൽക്കുന്നത് മൂലം പ്രദേശത്ത് അസഹനീയമായ ദുർഗന്ധമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഭക്ഷണ വേസ്റ്റും മറ്റ് മാലിന്യങ്ങളും ഓടയിലേക്കാണ് തള്ളുന്നത്. ശബരിമല ദർശനം കഴിഞ്ഞ് അയൽ സംസ്ഥാനങ്ങളിലേക്ക് മടങ്ങാനായി വാഹനങ്ങളിലെത്തുന്ന അയ്യപ്പഭക്തർ മിനി പമ്പയെന്ന് അറിയപ്പെടുന്ന ഇടത്താവളത്തിൽ ഇറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കും. തുടർന്ന് വ്യാപാരശാലകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷമാണ് ഇവർ നാട്ടിലേക്ക് തിരികെ മടങ്ങുക.

2 ദിവസമായി ശുചീകരണമില്ല

ശബരിമല തീർത്ഥാടകരിൽ ചിലരും വ്യാപാരികളും പാതയോരങ്ങളിൽ തള്ളുന്ന മാനില്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിച്ച ശേഷം ഓടയിലും സമീപ പ്രദേശങ്ങളിലും ക്ലോറിനേഷൻ നടത്തി വൃത്തിയാക്കിയിരുന്നു. എന്നാൽ രണ്ട് ദിവസമായി ശുചീകരണവും ക്ലോറിനേഷനും ഉപേക്ഷിച്ചതിനെ തുടർന്നാണ് ഓടയിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതെന്ന് സമീപവാസികൾ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് നിരവധി തീർത്ഥാടകർ

മണ്ഡല, മകരവിളക്ക് സീസൺ ആരംഭിക്കുന്നതോടെ തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് അയ്യപ്പ ഭക്തരാണ് പുനലൂർ വഴി ശബരിമലയ്ക്ക് പോകുന്നത്. എന്നാൽ പുനലൂരിൽ തീർത്ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ അധികൃതർ ഒരുക്കാത്തതാണ് ഇടത്താവളമായ ടി.ബി. ജംഗ്ഷനിൽ മലിന ജലം കെട്ടി കിടന്ന് ദുർഗന്ധം ഉയരാൻ കാരണം.

പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ല

ദിവസവും ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഇവിടെ എത്തുന്നത്. ഇവർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നത് പോലും പാതയോരങ്ങളിലാണ്. ഇടത്താവളത്തിലെത്തുന്ന ഭക്തർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യങ്ങൾ ഒരുക്കണമെന്ന് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.