കൊല്ലം: വഴിവിട്ട നിയമനങ്ങൾ നടത്തി മീറ്റർ കമ്പനിയെ തകർക്കരുതെന്ന് യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് പറഞ്ഞു. അനധികൃത പിൻവാതിൽ നിയമനങ്ങൾക്കെതിരെ ആർ.എസ്.പി ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മീറ്റർ കമ്പനി പടിക്കൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലാകാലങ്ങളിലെ മാനേജ്മെന്റുകളുടെ പിടിപ്പുകേടും വൈദ്യുതി ബോർഡിന്റെയും സർക്കാരിന്റെയും അനാസ്ഥയുമാണ് മീറ്റർ കമ്പനിയുടെ തകർച്ചയ്ക്ക് കാരണമായത്. 500ൽപ്പരം തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ 200 ഓളം തൊഴിലാളികൾ മാത്രമാണ് ഉള്ളത്. അനാവശ്യ ചെലവുകൾ, പിൻവാതിൽ നിയമനം തുടങ്ങിയ വഴിവിട്ട പ്രവർത്തനങ്ങൾ മീറ്റർ കമ്പനിയുടെ നിലവാര തകർച്ചയ്ക്ക് കാരണമായെന്നും എ.എ. അസീസ് പറഞ്ഞു.
സജി ഡി. ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. കെ. സിസിലി, എൻ. നൗഷാദ് , ബീനാ കൃഷ്ണൻ, ഡി.എസ്. സുരേഷ്. എൽ. ബാബു, മുഹമ്മദ് കുഞ്ഞ്, മഹിളാ മണി, പി.കെ. അനിൽ, ഗ്രാമപഞ്ചായത്ത് അംഗം അനീഷാ സലിം, കോർപ്പറേഷൻ കൗൺസിലർ സെലീന, സക്കറിയാ ക്ലമന്റ്, കിളികൊല്ലൂർ ബേബി, രവീന്ദ്രൻപിള്ള, അനിൽ നാരായണൻ, രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.