കൊല്ലം: സേവന രംഗത്ത് എഴുപത് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ ജില്ലാ ആശുപത്രിക്ക് 24 ലക്ഷം രൂപ മുടക്കി നാല് ഡയാലിസിസ് മെഷീനുകൽ സംഭാവനയായി നൽകും. ജില്ലാ ആശുപത്രിയിലെ റോട്ടറി പേ വാർഡ് നവീകരിച്ച് പൊതുജനങ്ങൾക്ക് സമർപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അഡ്വ. സജ്ജീവ് സോമരാജൻ അറിയിച്ചതാണ് ഈ വിവരം. റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ 18 ലക്ഷം രൂപ ചെലവഴിച്ചാണ് റോട്ടറി പേവാർഡിന്റെ നവീകരണം പൂർത്തിയാക്കിയത്. 1971 ൽ റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ നിർമ്മിച്ച് ജില്ലാ ആശുപത്രിക്ക് നൽകിയ ഇരുനില കെട്ടിടത്തിന്റെ 12 മുറികളും ആധുനിക രീതിയിൽ നവീകരിച്ച് 2 മുറികൾ എയർ കണ്ടീഷൻ ചെയ്യുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ 'ജീവനം' പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രിയിലുള്ള സൗജന്യ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം കൊട്ടാരക്കര, കരുനാഗപ്പള്ളി , ശാസ്താംകോട്ട, നീണ്ടകര തുടങ്ങിയ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി പ്രസ്താവിച്ചു.
ഇപ്പോൾ 20 യൂണിറ്റുകളിലായി മൂന്നു ഷിഫ്റ്റിൽ 60 രോഗികൾക്ക് ദിവസേന ഡയാലിസിസ് നടത്തുന്നു. എന്നിട്ടും രജിസ്റ്റർ ചെയ്ത 79 പേർ ഇപ്പോഴും ക്യൂവിലുണ്ട്. ഈ പരിമിതി മറികടക്കാൻ നാല് യൂണിറ്റുകൾ കൂടി അടിയന്തിരമായി ആവശ്യമാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസിന്റെ അഭ്യർത്ഥന മാനിച്ചാണ് നാല് ഡയാലിസിസ് മെഷിനുകൾ സംഭാവന ചെയ്യുവാൻ ക്ലബ് തീരുമാനിച്ചത്. മൂന്നു മാസത്തിനുള്ളിൽ യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുമെന്നും ക്ലബ് പ്രസിഡന്റ് അഡ്വ. സജ്ജീവ് സോമരാജൻ പറഞ്ഞു.
നവീകരിച്ച റോട്ടറി പേ വാർഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാമണി നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ. സജ്ജീവ് സോമരാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, റോട്ടറി അസി. ഗവർണർ ഡോ.മാനുവൽ പെരിശ്, മുൻ ഗവർണർ പ്രൊഫ. ഉദയകുമാർ, സെക്രട്ടറി രാജു, സക്കറിയാ കെ.സാമൂവൽ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അജിത, ആർ.എം.ഓ. ഡോ. അനുരൂപ് ശങ്കർ എന്നിവർ പങ്കെടുത്തു.